Sorry, you need to enable JavaScript to visit this website.

തീവ്രവാദി  ആരോപണം വൈപ്പിൻ ജനതയെ ഒറ്റപ്പെടുത്തുന്നതിനുള്ള തന്ത്രം -എസ്.ഡി.പി.ഐ

കൊച്ചി- പുതുവൈപ്പ് എൽ പി ജി സംഭരണിക്കെതിരെ നാട്ടുകാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുറത്ത് നിന്ന് എത്തുന്നവരെ തീവ്രവാദികളാക്കി വൈപ്പിൻ ജനതയെ ഒറ്റപ്പെടുത്തുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് എസ്ഡിപി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൾ മജീദ് ഫൈസി. ജീവന് ഭീഷണിയാകുന്ന നിർമാണ പ്രവർത്തനങ്ങളെ എതിർക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കുന്നു. അവർ നടത്തുന്ന അതിജീവനങ്ങളെ അടിച്ചമർത്തുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പുതുവൈപ്പിൽ കണ്ടതെന്നും അബ്ദുൾ മജീദ് ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതുവൈപ്പിലെ സമരത്തിൽ തീവ്രവാദി സ്വാധീനമുണ്ടെന്ന പോലീസിന്റെയും സർക്കാരിന്റെയും നിലപാട് പുതുവൈപ്പ് ജനതയെ ഒറ്റപ്പെടുത്തുന്നതിന് വേണ്ടിയാണ്. സ്ത്രീകളും കുട്ടികളുമടങ്ങിയ സമരക്കാരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവനയാണിത്. സർക്കാരിന്റെ നയങ്ങളെ ന്യായീകരിക്കുന്ന ഡിജിപിയും മറ്റ് പോലീസുകാരും ഏത് തീവ്രവാദ ബന്ധമാണ് പുതുവൈപ്പ് സമരത്തിലുണ്ടായതെന്ന് വ്യക്തമാക്കണം.  പ്രക്ഷോഭങ്ങളെ ആദ്യം അടിച്ചമർത്തിയിട്ട്  പിന്നീട് ചർച്ചയ്ക്ക് വിളിക്കുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാരിന്റെ വ്യക്തികത താൽപര്യങ്ങളെ ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുന്ന ഒത്തുതീർപ്പുകൾക്ക് പുതുവൈപ്പ് ജനത തയറാകില്ലെന്ന് കരുതുന്നു. സംഭരണിക്കെതിരെ സമരം നടത്തുന്ന സ്ത്രീകളെയും കുട്ടികളെയുമടക്കമുളളവരെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാരെ മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാർ തയ്യാറാകണം. പ്രദേശവാസികൾ ജീവിത സുരക്ഷക്കായി നടത്തുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിട്ടതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സാധാരണക്കാരോടുള്ള നയം വ്യക്തമാക്കിക്കഴിഞ്ഞു. സിപിഐ പോലുള്ള ഭരണകക്ഷിയിലെ പാർട്ടികളെ പോലും വിശ്വാസത്തിലെടുക്കാതെ ഭരണം നടത്തുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും.  
ജനങ്ങളുടെ ആശങ്കകൾ അവസാനിപ്പിച്ചിട്ട് വേണം വികസന പദ്ധതികൾക്ക് സർക്കാർ രൂപം നൽകേണ്ടത്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും മുമ്പെ ജനങ്ങളുടെ ഭയം ഇല്ലാതാക്കേണ്ടിയിരുന്നു.  ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങൾ ഇതിനായി തിരഞ്ഞെടുത്ത് ജനങ്ങളുടെ ഭീഷണിക്ക് അറുതി വരുത്തണം. പുതുവൈപ്പിൽ അതിജീവനത്തിനായി പൊരുതുന്ന ജനതയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും പി അബ്ദുൾ മജീദ് ഫൈസി അറിയിച്ചു. 
പാർട്ടി സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കൽ, എറണാകുളം ജില്ലാ പ്രസിഡന്റ് പി പി മൊയ്തീൻ കുഞ്ഞ്, ജില്ലാ ജനറൽ സെക്രട്ടറി വി എം ഫൈസൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News