കോട്ടയം - സ്ത്രീകളെ വശീകരിച്ച് സ്ഥിരമായി പീഡിപ്പിച്ചു വന്ന യുവ ഹണിട്രാപ്പർ പിടിയിലായി അൻപതിലധികം സ്ത്രീകളെ പലതരത്തിൽ വശീകരിച്ച് കെണിയിൽപെടുത്തി തുടർന്ന് ഭീഷണിയിലൂടെ ലൈംഗികമായി പീഡിപ്പിച്ച 25 കാരനാണ് പിടിയിലായത്്. അരീപ്പറമ്പ് തോട്ടപ്പള്ളിൽ വീട്ടിൽ പ്രദീഷ് കുമാറാ( ഹരി- 25)ണ് അറസ്റ്റിലായത്. ഒരു വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഇയാളെ നിരീക്ഷിക്കുകയായിരുന്ന പോലിസ് ഇയാളുടെ ലാപ് ടോപ്പും ക്യാമറയും മൊബൈൽ ഫോണും പിടിച്ചെടുത്തു. താൽപര്യം തോന്നുന്ന സ്ത്രീകളെ വളരെ ആകസ്മികമായി എന്ന നിലയിൽ പരിചയപ്പെടുകയും തുടർന്ന് മൊബൈൽ നമ്പർ കരസ്ഥമാക്കുകയും ചെയ്യും. അതിനു ശേഷം അവരുടെ കുടുംബ പ്രശ്‌നങ്ങൾ തന്ത്രപൂർവ്വം മനസിലാക്കുകയും ചെയ്യും. പിന്നീട് അവരുടെ ഭർത്താക്കന്മാർക്ക് മറ്റു സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടെന്നു ബോധ്യപ്പെടുത്താനായി സ്ത്രീകളുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ക്രിയേറ്റു ചെയ്ത് അവരുടെ ഭർത്താക്കന്മാരുമായി ചാറ്റ് ചെയ്യുകയും ഈ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ഭാര്യയ്ക്ക് അയച്ചു നൽകുകയും ചെയ്യും .
തന്റെ ഭർത്താവ് ഫെയ്‌സ് ബുക്കിലൂടെ മറ്റുസ്ത്രീകളുമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് ബോധ്യമാകുന്ന വീട്ടമ്മമാർ ഇയാൾക്ക് നന്ദി പറയുകയും ഭർത്താവുമായി അകലുകയും ഇയാളുമായി ബന്ധം ദൃഢമാക്കുകയും ചെയ്യും. ഈ അവസ്ഥ മുതലെടുത്ത് ഇയാൾ വീഡിയോ ചാറ്റിനു കുടുംബിനികളെ ക്ഷണിക്കുകയും തന്ത്രപൂർവ്വം ഫോട്ടോകൾ കരസ്ഥമാക്കുകയും ചെയ്യും. ആ ഫോട്ടോകൾ ഫോട്ടോ ഷോപ്പിൽ എഡിറ്റ് ചെയ്ത് ഇയാൾ നഗ്‌ന ഫോട്ടോകൾ ആക്കുന്നു. അതോടുകൂടി ഭീഷണിയുടെ വഴിയിലേക്ക് തിരിയുന്ന ഇയാൾ പിന്നീട് ഈ ഫോട്ടോ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു നൽകുമെന്നും കുടുംബം തകർക്കുമെന്നും ഭീഷണി മുഴക്കും. അപ്പോഴാണ് ഇത് ഒരു കെണി ആയിരുന്നു എന്ന് സ്ത്രീകൾ മനസ്സിലാക്കുന്നത്. അപ്പോഴേക്കും ഇരകളായ സ്ത്രീകളുടെ ജീവിതത്തിന്റെ നിയന്ത്രണം ഇയാൾ ഏറ്റെടുത്തിരിക്കും. ഇയാൾ എപ്പോൾ ആവശ്യപ്പെട്ടാലും നിമിഷങ്ങൾക്കകം പറയുന്ന സ്ഥലത്ത് സ്ത്രീകൾ എത്തിയിരിക്കണം. ഭർത്താവുമായി അധികം സഹകരണം പാടില്ല. ഭർത്താവുമായി ഒന്നിച്ച് എവിടെയും പോകാൻ പാടില്ല. വിളിക്കുന്ന സമയത്ത് കൃത്യമായി ഫോണും എടുത്തിരിക്കണം. വാട്‌സ് ആപ് അയക്കുന്ന മെസ്സേജുകൾക്ക് ഉടൻ മറുപടി അയച്ചിരിക്കണം. രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യാനും വീഡിയോ കാൾ എടുക്കണം, എവിടെ പോകണമെങ്കിലും അനുവാദം ചോദിച്ചിരിക്കണം, ഇങ്ങനെ പോകുന്നു ഇയാൾ ഇരകളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ. അല്ലെങ്കിൽ കുടുംബം നശിപ്പിക്കും എന്നു ഭീഷണി നിരന്തരം മുഴക്കുകയും ചെയ്യും.
ചാറ്റ് തുടങ്ങുന്നതിനു മുമ്പ് അവർ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ഉറപ്പിക്കാൻ ഇയാൾ ഓരോരുത്തർക്കും നൽകിയിട്ടുള്ള പ്രത്യേക കോഡ് ടൈപ്പ് ചെയ്യണം. കോഡ് ടൈപ്പ് ചെയ്യാൻ മറന്നു പോയാൽ അസഭ്യം വിളിക്കും. വാട്‌സ്ആപ്പിലെ ചാറ്റുകൾ ഓരോ ദിവസവും ക്ലിയർ ചെയ്ത് സ്‌ക്രീൻ ഷോട്ടുകൾ അയച്ചിരിക്കണം. ഒരു സ്ത്രീയോട് ഇയാൾ പറഞ്ഞത് നീ എന്റെ അറുപത്തെട്ടാമത്തെ ഇരയാണ് എന്നാണ്. തന്റെ ഇംഗിതങ്ങൾക്ക് വശംവദരാകാതിരുന്ന പലരുടെയും കുടുംബ ജീവിതം തകർത്തിട്ടുണ്ടെന്നു പുതിയ ഇരകളോട് ഇയാൾ പറയാറുണ്ട്. ഇയാളുമൊത്തുള്ള മോർഫ് ചെയ്ത നഗ്‌നഫോട്ടോകൾ അവർക്ക് അയച്ചു നൽകുകയും ഇവളുടെ ജീവിതം താൻ തകർത്തതാണ് എന്ന് അവരോടു പറയുകയും ചെയ്യും. പരിഭ്രാന്തരാകുന്ന സ്ത്രീകൾ ഇയാൾക്ക് പൂർണ്ണമായും അടിമപ്പെടുന്നു. ഇവരുടെ ദിനചര്യകൾ പരോശോധിക്കാനായി പലപ്പോഴും ഇവർ അറിയാതെ തന്നെ സമാന്തരമായി ഇയാൾ സഞ്ചരിക്കുകയും വൈകുന്നേരം അവർ സഞ്ചരിച്ച വഴികളെ പറ്റി അവരോടു പറയുകയും എവിടെ പോയാലും താൻ അറിയും എന്നും തന്റെ അനുചരന്മാർ ഇപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ്് വിരട്ടുകയും ചെയ്യും.
ഇരകൾ സഞ്ചരിക്കുന്ന വഴികളിൽ പലപ്പോഴും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് അരയിൽ തിരുകി വച്ചിരിക്കുന്ന കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലോ കാറിലോ ഒക്കെ വീട്ടമ്മമാരെ കയറ്റിക്കൊണ്ടു പോകാറുണ്ട്. അരീപ്പറമ്പിലുള്ള ഇയാളുടെ കുടുംബ വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ പലപ്പോഴും ഇത്തരത്തിൽ വീട്ടമ്മമാരെ കൊണ്ടുവാരാറുണ്ടെന്നും പറയുന്നു.