Sorry, you need to enable JavaScript to visit this website.

10+2നു പകരം 5+3+3+4; പുതിയ കേന്ദ്ര വിദ്യാഭ്യാസനയം ഒരുങ്ങുന്നു

ന്യൂ ദല്‍ഹി - രാജ്യത്തെ വിദ്യാഭ്യാസക്രമത്തില്‍ വന്‍ മാറ്റങ്ങളുമായി പുതിയ വിദ്യാഭ്യാസനയം ഒരുങ്ങുന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയും പാഠ്യക്രമവും പുതിയ '5+3+3+4' ക്രമത്തിലേക്ക് മാറ്റുന്നതടക്കം നിരവധി മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖ തയാറായിക്കഴിഞ്ഞു.

1968ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം നിലവില്‍ വന്ന 10+2 വിദ്യാഭ്യാസക്രമം തന്നെ മാറ്റാനാണ് മുന്‍ ഐ.എസ്.ആര്‍.ഒ തലവന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ന്യൂ എജ്യുക്കേഷന്‍ പോളിസി(എന്‍.ഇ.പി) കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. അന്‍പതു വര്‍ഷത്തിലേറെയായി രാജ്യം പിന്തുടര്‍ന്നുവരുന്ന വിദ്യാഭ്യാസക്രമം മാറ്റാന്‍ സമയമായിട്ടുണ്ടെന്നും, ജോലിയിലും അതിനപ്പുറത്തെ വിഷയങ്ങളിലും ഊന്നിയുള്ള ആവശ്യങ്ങളും പുതിയ കാലവും പുത്തന്‍ വിദ്യാഭ്യാസക്രമം ആവശ്യപ്പെടുന്നുണ്ടെന്നും കസ്തൂരിരംഗന്‍ അഭിപ്രായപ്പെട്ടു. 

ഒന്നു മുതല്‍ അഞ്ചുവരെ പ്രൈമറിയും ആറു മുതല്‍ എട്ടുവരെ അപ്പര്‍ പ്രൈമറിയും ഒന്‍പതു മുതല്‍ പത്തുവരെ സെക്കന്‍ഡറിയും 11ഉം 12ഉം ഹയര്‍ സെക്കന്‍ഡറിയുമായിരുന്നു ഇതുവരെ രാജ്യം പിന്തുടരുന്ന വിദ്യാഭ്യാസക്രമം. പുതിയ നയം ശുപാര്‍ശ ചെയ്യുന്നതു പ്രകാരം ഹയര്‍ സെക്കന്‍ഡറി ഒഴിവാക്കി 11ഉം 12ഉം സെക്കന്‍ഡറിയുടെ ഭാഗമാക്കും. വിദ്യാര്‍ഥികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളെയും അടിസ്ഥാനപ്പെടുത്തി, കുട്ടികളുടെ അഭിരുചികള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായാണു പുതിയ പഠനക്രമം. മൂന്നു വയസു മുതല്‍ എട്ടു വയസു വരെയാണ് ഒരു ഘട്ടം. ഒന്ന്, രണ്ട് ക്ലാസുകളും(പ്രീ പ്രൈമറി) മൂന്ന്, നാല്, അഞ്ച് ക്ലാസുകളും(പ്രിപ്പറേറ്ററി) ഈ ഘട്ടത്തില്‍ വരും. എട്ടു മുതല്‍ 11 വരെയാണ് അടുത്ത ഘട്ടം. ആറ്, ഏഴ്, എട്ട് ക്ലാസുകളും(അപ്പര്‍ പ്രൈമറി) ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളും(സെക്കന്‍ഡറി) ഈ ഘട്ടത്തില്‍ ഉള്‍്‌പ്പെടും. 

എല്ലാ ക്ലാസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സംസ്‌കൃതം പഠിക്കാന്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. സെക്കന്‍ഡറി തലത്തില്‍ സെമസ്റ്റര്‍ രീതി കൊണ്ടുവരാനും പരീക്ഷാഘടന മാറ്റാനും ശുപാര്‍ശയുണ്ട്. ഇതില്‍ ചില വിഷയങ്ങള്‍ മാത്രം നിര്‍ബന്ധിതവും ബാക്കിയുള്ളവ കുട്ടികളുടെ താല്‍പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്നതുമാകും. പൊതുവിഷയങ്ങളില്‍ പ്രധാന ആശയങ്ങളും തത്വങ്ങളും മറ്റു പ്രധാന കഴിവുകളും മാത്രം പരിശോധിക്കുന്ന തരത്തിലേക്ക് പരീക്ഷാരീതി മാറ്റാനാണ് നിര്‍ദേശം.
 

Latest News