Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

30 വര്‍ഷം 'സൗദി രാജകുമാരനായി' വിലസി കോടികള്‍ തട്ടിയ അമേരിക്കക്കാരന് 18 വര്‍ഷം തടവ്

മയാമി- മൂന്ന് പതിറ്റാണ്ടു കാലം സൗദി രാജകുമാരനായി ചമഞ്ഞ് നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ തട്ടുകയും ആഢംബര ജീവിതം നയിക്കുകയും ചെയ്ത ഫ്‌ളോറിഡക്കാരനെ കോടതി 18 വര്‍ഷം തടവിനു ശിക്ഷിച്ചു. 48കാരനായ അന്തോണി ഗിഗ്നാക് ആണ് പ്രിന്‍സ് ഖാലിദ് ബിന്‍ അല്‍ സൗദ് എന്ന പേരില്‍ വ്യാജ സൗദി രാജകുടുംബാംഗമായി വിലസി ഒടുവില്‍ പിടിയിലായത്. മയാമിയിലെ സമ്പന്നരുടെ മേഖലയായ ഫിഷര്‍ ഐലന്‍ഡില്‍ ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു ഇയാള്‍. വ്യാജ നയതന്ത്ര രേഖകളും പേരുകളും ഉണ്ടാക്കി അംഗരക്ഷകരുടെ ഒരു സംഘത്തേയും നിയമിച്ച് വിലസുകയായിരുന്നു ഗിഗ്നാക്. വ്യാജ ഡിപ്ലൊമാറ്റിക് ലൈസന്‍സുള്ള ആഢംബര കാറുകളില്‍ വിലസിയിരുന്ന ഇയാള്‍ സമ്പന്നരില്‍ നിന്നും നിക്ഷേകരില്‍ നിന്നുമായി 80 ലക്ഷം ഡോളര്‍ ത്ട്ടിയെന്നാണ് കേസ്.

വ്യാജ ഡിപ്ലൊമാറ്റിക് രേഖകളുള്ള അംഗരക്ഷകര്‍ ഇയാള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു. റോയല്‍ പ്രോട്ടോകോള്‍ അനുസരിച്ച് പെരുമാറണമെന്ന് ആവശ്യപ്പെടുന്ന വ്യാജ നയതന്ത്ര രേഖകളും ഇയാളുടെ പക്കലുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് നിക്ഷേപകരില്‍ നിന്ന് പണവും സമ്മാനങ്ങളും ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. നിരവധി പേര്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. ഇത് വ്യാജ രാജകുമാരന്‍ സൗദി എണ്ണക്കമ്പനിയായ അരാംകോയില്‍ നിക്ഷേപിക്കുമെന്ന പ്രതീക്ഷയിലാണ് പലരും അദ്ദേഹത്തിന് പണം നല്‍കിയത്. എന്നാല്‍ ഈ പണം ഉപയോഗിച്ച് ഗിഗ്നാക് ആഢംബര ജീവിതം നയിക്കുകയായിരുന്നു. വിലപിടിപ്പുള്ള ഡിസൈനര്‍ വസ്ത്രങ്ങളും സ്വകാര്യ വിമാന യാത്രകളും ഉല്ലാ നൗകകളിലെ വിനോദങ്ങള്‍ക്കുമായാണ് ഈ പണം ഗിഗ്നാക് ചെലവഴിച്ചത്.

2017-ലാണ് പ്രിന്‍സ് ഖാലിദ് എന്ന പേരില്‍ ഗിഗ്നാക് മയാമിയിലേക്ക് താമസം മാറിയത്. കൊളംബിയയില്‍ ജനിച്ച ഗിഗ്നാക്കിനെ ഏഴാം വയസ്സില്‍ മിഷിഗനിലെ ഒരു കുടുംബ ദത്തെടുത്ത് വളര്‍ത്തിയതായിരുന്നു. 17-ാം വയസ്സില്‍ ഈ കുടംബത്തില്‍ നിന്ന് മുങ്ങിയാണ് സൗദി രാജകുമാരനായി രംഗപ്രവേശം നടത്തുന്നത്. ആദ്യം പ്രിന്‍സ് അദ്‌നാന്‍ ഖഷോഗ്ജി എന്നായിരുന്നു പേര്. താമസിയാതെ സൗദി രാജകുടുംബവുമായി നേരിട്ട് ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന പ്രിന്‍സ് ഖാലിദ് ബിന്‍ അല്‍ സൗദി എന്ന പുതിയ വ്യാജ പേര് സ്വീകരിച്ചു. തുടര്‍ന്ന് നിരവധി തട്ടിപ്പുകള്‍ നടത്തിയാണ് ഇയാള്‍ ക്രമിനല്‍ ജീവിതം തുടങ്ങുന്നത്. 

ഗിഗ്നാക്ക് ആവേശത്തോടെ പന്നിയിറച്ചി വിഭവങ്ങള്‍ വാരിവലിച്ചു തിന്നുന്നത് ഇദ്ദേഹവുമായി ഇടപാട് നടത്തിയിരുന്ന ഒരു റിയല്‍ എസ്‌റ്റേറ്റ് വ്യവസായി നേരിട്ട് കണ്ടതോടെയാണ് ഗിഗ്നാക്കിന്റെ രാജകീയ ജീവിതം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. മുസ്ലിംകള്‍ക്ക് വിലക്കപ്പെട്ട പന്നിമാംസം കഴിക്കുന്നത് ചോദ്യം ചെയ്തതോടെ തട്ടിപ്പിനെ കുറിച്ച് സംശയം ഉയര്‍ന്നു. തുടര്‍ന്ന് 2017 നവംബറില്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലാകുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടു കാലം സൗദി രാജകുമാരനായി ചമഞ്ഞ് ലോകത്തിന്റെ പലഭാഗത്തുമുള്ള നിക്ഷേപകരെ അന്തോണി ഗിഗ്നാക് തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് യുഎസ് അറ്റോര്‍ണി അരിയാന ഫയര്‍ദോ ഓര്‍ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജഡ്ജി സിസിലിയ അല്‍റ്റൊനാഗയാണ് ശിക്ഷ വിധിച്ചത്.

Latest News