ന്യൂദൽഹി- ജനുവരി-മാർച്ച് കാലയളവിലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച 5.8 ശതമാനം രേഖപ്പെടുത്തി. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന പദവി ഇതോടെ ഇന്ത്യക്ക് നഷ്ടമായി. മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ ചൈന 6.4 ശതമാനം വളർച്ച കൈവരിച്ചതോടെയാണിത്. തൊട്ടു മുമ്പത്തെ സാമ്പത്തിക പാദത്തിൽ 6.6 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തിൽ 6.3 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നത്.
അതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ചോർന്ന റിപ്പോർട്ടിലെ തൊഴിലില്ലായ്മാ നിരക്ക് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. 2017-18 ൽ രാജ്യത്തെ തൊഴിലില്ലായ്മ മൊത്തം തൊഴിലിന്റെ 6.1 ശതമാനമാണെന്നും കഴഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും കൂടിയാ നിരക്കാണിതെന്നും തൊഴിൽ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രണ്ടാം മോഡി മന്ത്രിസഭ ചുമതലയേറ്റ ദിവസമാണ് കണക്കുകൾ പുറത്തുവന്നത്. നഗരങ്ങളിൽ 7.8 ശതമാനവും ഗ്രാമങ്ങളിൽ 5.3 ശതമാനവുമാണ് തൊഴിലില്ലായ്മാ നിരക്ക്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ പുരുഷന്മാർക്കിടയിൽ 6.2 ശതമാനവും സ്ത്രീകൾക്കിടയിൽ 5.7 ശതമാനവുമാണ് തൊഴിലില്ലായ്മ.
വൻ തൊഴിലില്ലായ്മ നേരിടുകയാണെന്ന റിപ്പോർട്ട് കഴിഞ്ഞ ജനുവരിയിൽ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും കരട് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നിഷേധിച്ചിരുന്നു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിൽ നിന്ന് രണ്ട് അംഗങ്ങൾ രാജിവെക്കാനുള്ള കാരണം തൊഴിലില്ലായ്മ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടാൻ വൈകുന്നതിലുള്ള പ്രതിഷേധമായിരുന്നു. പി.സി.മോഹനൻ, ജെ.വി.മീനാക്ഷി എന്നിവരാണ് എൻ.എസ്.സിയിൽനിന്ന് രാജിവെച്ചിരുന്നത്. കമ്മീഷൻ ഫലപ്രദാമായി പ്രവർത്തിക്കുന്നില്ലെന്നും കമ്മീഷന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ തങ്ങൾ പ്രാപ്തരല്ലെന്ന തോന്നലാണുള്ളതെന്നും പി.സി.മോഹനൻ അന്ന് പറഞ്ഞിരുന്നു.