Sorry, you need to enable JavaScript to visit this website.

അധികാരം തനിക്കെന്ന്; തെരഞ്ഞെടുപ്പ്  കമ്മീഷന് പി.ജെ.ജോസഫിന്റെ കത്ത്

കോട്ടയം- കേരള കോൺഗ്രസിലെ അധികാര¯ർക്കം തുടരുന്നതിനിടെ പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് പരസ്യമായി. സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നു കത്തിലുണ്ട്്. കേരള കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമായതോടെയാണ് കത്ത് നൽകിയത്. ചെയർമാൻ മരിച്ച സാഹചര്യത്തിൽ അധികാരം വർക്കിംഗ് ചെയർമാനാണെന്ന് കാട്ടിയാണ് കത്ത്. ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. അതേസമയം ഒപ്പ് ശേഖരണത്തിലൂടെ സമ്മർദം ചെലുത്തി സംസ്ഥാന സമിതി വിളിപ്പിക്കാനുള്ള ജോസ് കെ.മാണി വിഭാഗത്തിന്റെ നീക്കം പാളിയെന്നും സൂചനയുണ്ട്.
കേരള കോൺഗ്രസ് ഭരണഘടനയുടെ 29þാം വകുപ്പനുസരിച്ചാണ് പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്. പാർട്ടിയിലെ തീരുമാനങ്ങൾ എടുത്തിരുന്നത് ചെയർമാനും വർക്കിംഗ് ചെയർമാനും ഒന്നിച്ചാണ്. എന്നാൽ ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനായ തനിക്കാണ് അധികാരമെന്നാണ് പി.ജെ കത്തിൽ അറിയിച്ചിരിക്കുന്നത്. കെ.എം മാണി മരിച്ചതിന് പിറ്റേദിവസം തന്നെ ചുമതല ഏറ്റെടുത്തെന്നും പി.ജെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സ്ഥാനങ്ങളിൽ മാറ്റങ്ങൾ ഒന്നുമില്ലെന്നും ഉടൻ തന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും കത്തിൽ പറയുന്നുണ്ട്. ഇല്ലാത്ത കത്തിന്റെ പേരിൽ കോലം കത്തിക്കലടക്കമുള്ള പ്രതിഷേധങ്ങളുമായി ഇരു വിഭാഗവും മുന്നോട്ട് പോകുന്നതിനിടെയാണ് കത്ത് പരസ്യമായത്. ഇതിനിടെ ഒപ്പ് ശേഖരണം നടത്തി സമ്മർദ തന്ത്രത്തിലൂടെ സംസ്ഥാന സമിതി വിളിപ്പിക്കാനുള്ള ജോസ് കെ.മാണി വിഭാഗത്തിന്റെ നീക്കം പാളി.

തർക്കം തീർക്കാൻ കത്തോലിക്കാ സമുദായ ബിഷപ്പുമാർ തന്നെ രംഗത്തു വന്നതായി സൂചനയുണ്ട്. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന നിർദേശം ഇവർ നൽകി. പാർട്ടി ഭരണഘടന തങ്ങൾക്ക് അനുകൂലമാണെന്നു ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശപ്പെടുന്നു. എന്നാൽ ഭരണഘടന ഇനിയും പരസ്യമാക്കിയിട്ടില്ല.  പാർട്ടി ഭരണഘടന പ്രകാരം, ചെയർമാന്റെ അഭാവത്തിൽ വർക്കിങ് ചെയർമാനാണു പൂർണാധികാരമെന്നാണ് ജോസഫ് പക്ഷ നിലപാട്.

ചെയർമാനെ സമവായത്തിലൂടെയാണു തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ വോട്ടെടുപ്പ് നടത്തണമെന്നു ഭരണഘടനയിലില്ല. നിയമസഭാ കക്ഷി നേതാവിന്റെ അഭാവത്തിൽ ഉപനേതാവിനാണു പരമാധികാരം -ഇതാണു ജോസഫ് പക്ഷത്തിന്റെ നിലപാട്. എന്നാൽ, ഭരണഘടന പ്രകാരം സംസ്ഥാന സമിതിക്കാണു പരമാധികാരമെന്നു ജോസ് കെ.മാണി പക്ഷം പറയുന്നു. പാർട്ടി ഭാരവാഹികളെ നിശ്ചയിക്കാനുള്ള അധികാരവും സംസ്ഥാന സമിതിക്കാണ്. ചെയർമാന്റെ അഭാവത്തെ രണ്ടായിട്ടാണു ഭരണഘടന വിവക്ഷിച്ചിരിക്കുന്നത.് സ്ഥിരവും താൽക്കാലികവും. താൽക്കാലിക അഭാവമാണെങ്കിൽ മാത്രമാണു വർക്കിങ് ചെയർമാനു പകരം ചുമതല ലഭിക്കുക. നിലവിൽ ചെയർമാന്റെ സ്ഥിരം അഭാവമാണുള്ളത്.
അതിനാൽ ചെയർമാനെ പുതുതായി തെരഞ്ഞെടുക്കണമെന്നു ഭരണഘടന അനുശാസിക്കുന്നു. പാർട്ടി ഭരണഘടന പ്രകാരം, നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവർ പാർലമെന്ററി പാർട്ടി അംഗങ്ങളാണെന്നും ജോസ് കെ.മാണി പക്ഷം ചൂണ്ടിക്കാട്ടുന്നു. ജോസ് കെ.മാണിയെ ചെയർമാനാക്കുന്നതിൽ കുറഞ്ഞൊരു സമവായത്തിന് ഇനി തയാറല്ലെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന മുതിർന്ന നേതാക്കൾ പറയുന്നു. അതല്ലെങ്കിൽ സംസ്ഥാന സമിതി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് അവർ പി.ജെ. ജോസഫിനു കത്ത് നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ സംസ്ഥാന സമിതി വിളിക്കാനാവില്ലെന്നു ജോസഫ് പറയുന്നു. എന്നാൽ, തിരുവനന്തപുരത്തു കഴിഞ്ഞ 15 നു നടന്ന കെ.എം.മാണി അനുസ്മരണ ചടങ്ങിൽ ചെയർമാനെ തെരഞ്ഞെടുക്കരുതെന്നു മാത്രമാണു കോടതി നിർദേശിച്ചതെന്നു ജോസ് കെ.മാണി പക്ഷം ചൂണ്ടിക്കാട്ടുന്നു.
പാർട്ടി ഭരണഘടന പ്രകാരം സംസ്ഥാന സമിതി വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. സംസ്ഥാന സമിതി ചേർന്ന് തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പിളരുമെന്ന ആശങ്ക പ്രവർത്തകരിൽ ഭൂരിപക്ഷത്തിനുമുണ്ട്. എന്നാൽ, സമയം വൈകുന്തോറും ചെയർമാന്റെയും നിയമസഭാ കക്ഷി നേതാവിന്റെയും ചുമതലയുള്ള ജോസഫ് ശക്തനാകുമെന്നും ആശങ്കയുണ്ട്.

അതിനിടെ തർക്കത്തിൽ കോട്ടയം ഡി.സി.സി അതൃപ്തി രേഖപ്പെടുത്തി. പ്രശ്‌നം നീണ്ടാൽ യു.ഡി.എഫ് നേതൃത്വം ഇടപെട്ടേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്്. എന്നാൽ, അങ്ങനെ പ്രശ്‌നം പരിഹരിച്ചാലും വീണ്ടും വഷളാകുമെന്നു കോൺഗ്രസിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ആറു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിലൊന്ന് കെ.എം. മാണി പ്രതിനിധാനം ചെയ്ത പാലായാണ്. തമ്മിലടിമൂലം ഒരു മണ്ഡലം നഷ്ടപ്പെട്ടാൽ അതു യു.ഡി.എഫിന്റെ ലോക്‌സഭാ വിജയത്തിളക്കം കുറക്കും. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള മുതിർന്ന യു.ഡി.എഫ് നേതാക്കൾ തന്നെ രംഗത്തു വന്നേക്കുമെന്നാണ് സൂചന.

Latest News