ന്യൂദല്‍ഹി- അറുപത് വയസ്സു കഴിഞ്ഞ ചെറുകിട വ്യാപാരികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. അടുത്ത മൂന്ന് വര്‍ഷത്തിനകം അഞ്ച് കോടി ചെറുകിട വ്യാപാരികള്‍ക്ക് ഗുണം ലഭിക്കുന്നതാണ് രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം. ചെറുകിട ഷോപ്പ് ഉടമകളേയും സ്വയം സംരംഭകരേയും പൊതു സാമൂഹിക സുരക്ഷയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചതെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ഒന്നരക്കോടി രൂപയില്‍ താഴെ ചരക്കുസേവന നികുതി വിറ്റുവരവുള്ള 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള വ്യാപാരികള്‍ക്ക് കോമണ്‍ സര്‍വീസ് സെന്റര്‍ വഴി പദ്ധതിയില്‍ ചേരാം. 18 വയസ്സുള്ളവര്‍ ദിവസം രണ്ട് രൂപ വീതം അടയ്ക്കണം. 29 വയസ്സില്‍ ചേരുന്നവര്‍ മാസം 100 രൂപ വീതവും 40 വയസ്സില്‍ ചേരുന്നവര്‍ മാസം 200 രൂപ വീതവും അടയ്ക്കണമെന്ന് മന്ത്രി വിശദീകരിച്ചു. സര്‍ക്കാര്‍ തുല്യവിഹിതം അടയ്ക്കും.
കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പി.എം കിസാന്‍ സമ്മാന്‍ പദ്ധതി വിപുലീകരിക്കാനും തീരുമാനിച്ചു. ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ സഹായം നല്‍കും. ഒരു വര്‍ഷം മൂന്നു തവണകളായാണ് ഈ തുക നല്‍കുക. 14.5 കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും. ഖജനാവിന് 12,000 കോടി രൂപയുടെ അധികചെലവാണ് ഇതിലൂടെ ഉണ്ടാകുക.
പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലൈ 26 വരെ നടക്കും. 19 നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കും.
പി.എം സമ്മാന്‍ പദ്ധതി എല്ലാ കര്‍ഷകര്‍ക്കും നല്‍കുമെന്ന് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രകടനപത്രികയില്‍ വാഗ്ദനം ചെയ്തതാണ്. 75,000 കോടി രൂപയുടെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി(പിഎംകെഎസ്എസ്) ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിലാണ് പ്രഖ്യാപിച്ചത്.
കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപയുടെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിക്കും അംഗീകാരമായി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കര്‍ഷകരും സര്‍ക്കാരും നിശ്ചിത തുക അടയ്ക്കണം. 18മുതല്‍ 40 വയസ് വരെയുളളവര്‍ക്ക് പദ്ധതിയില്‍ ചേരാം. അറുപതു വയസുമുതല്‍ പെന്‍ഷന്‍ ലഭ്യമാകും.