ദുബായ്- പെരുന്നാള്‍ അവധി ദിനങ്ങളായതോടെ ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്. ബോഡിംഗ്, എമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. വൈകി വരുന്ന യാത്രക്കാര്‍ക്ക് വിമാനം നഷ്ടപ്പെടുന്ന സ്ഥിതിവരെയുണ്ട്. വളരെ നേരത്തെയെത്തി വിമാനത്തില്‍ പ്രവേശനം ഉറപ്പുവരുത്തണമെന്ന് വിമാനക്കമ്പനികള്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു.
എയര്‍ ഇന്ത്യയും എമിറേറ്റ്‌സും പ്രത്യേക മുന്നറിയിപ്പ് തന്നെ നല്‍കിയിട്ടുണ്ട്. ജൂണ്‍ രണ്ടു മുതല്‍ ഒന്‍പതു വരെ പൊതു മേഖലയ്ക്ക് ഏഴു ദിവസമാണ് അവധി. സ്വകാര്യ മേഖലയ്ക്ക് ജൂണ്‍ മൂന്നു മുതല്‍ മൂന്നാം പെരുന്നാള്‍ (ശവ്വാല്‍ 3) വരെയും. ഇതിന് മുമ്പ് തന്നെ വിമാനങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ എത്തുന്നത്. വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് നിര്‍ദേശം.
ദുബായ്, അബുദാബി, ദോഹ, ജിദ്ദ, റിയാദ് വിമാനത്താവളങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
വിമാനം പുറപ്പെടന്നതിന് 48 മണിക്കൂര്‍ മുതല്‍ 90 മിനിറ്റ് മുന്‍പ് വരെ ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും കമ്പനികള്‍ നിര്‍ദേശിക്കുന്നു.