ന്യൂദല്‍ഹി- ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാരുടെ യോഗം നാളെ ചേരും. യുപിഎ അധ്യക്ഷ്യ സോണിയാ ഗാന്ധിയോ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ ആയിരിക്കും നേതാവ്. തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം ആദ്യമായി നടക്കുന്ന പാര്‍ട്ടി എംപിമാരുടെ യോഗം ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കും. ഒരാഴ്ച മുമ്പ് നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിനു ശേഷം രാഹുല്‍ പങ്കെടുക്കുന്ന പാര്‍ട്ടി നേതാക്കളുടെ ആദ്യ സമ്മേളനമായിരിക്കും ഇത്. തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് അധ്യക്ഷ പദവി ഒഴിയുമെന്ന് വാശിപിടിച്ചു നില്‍ക്കുന്ന രാഹുലിനെ ഇതുവരെ ആര്‍ക്കും അനുനയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ ഒറ്റക്കെട്ടായും വിവിധ സംസ്ഥാന ഘടകങ്ങള്‍ പ്രമേയങ്ങളിലുടെയും തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രാഹുലിന്‍ തീരുമാനത്തില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്.
രാഹുലിനെ കൊണ്ട് തീരുമാനം മാറ്റിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് നടന്നു വരുമ്പോള്‍ ചുരുങ്ങിയ പക്ഷം പാര്‍ലമെന്റിലെങ്കിലും പാര്‍ട്ടിയെ നയിക്കാന്‍ രാഹുലിനെ സമ്മതിപ്പിക്കുന്ന കാര്യവും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ പാരമ്പര്യമനുസരിച്ച് സോണിയാ ഗാന്ധി തന്നെ പാര്‍ലമെന്ററി നേതാവായി തുടരണമെന്നും പാര്‍്ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്.
543 അംഗ ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 52 സീറ്റുകല്‍ മാത്രമാണ് ഉള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കണമെങ്കില്‍ മൂന്ന് സീറ്റുകള്‍ കൂടി വേണം. ഇതില്ലാത്തതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിനു നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയാറാകില്ല. കഴിഞ്ഞ തവണയും എന്‍ഡിഎ ഇത് അംഗീകരിച്ചിരുന്നില്ല.