വാഷിങ്ടണ്‍ - സൗദി എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഇറാന്‍റെ പങ്ക് ആരോപിച്ച് വീണ്ടും അമേരിക്ക. ആഗോള ഇന്ധന വില ഉയര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇറാന്‍ എണ്ണക്കപ്പലുകള്‍ ആക്രമിച്ചതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു.
ആഗോളതലത്തില്‍ ക്രൂഡോയില്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു ആക്രമണം. സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്നതിന് അമേരിക്കയുടെ പക്കല്‍ തെളിവുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ അക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ പര്യടനത്തിനായി പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പോംപിയോ.
സൗദി എണ്ണപൈപ്പ്‌ലൈനിനു നേരെയും എണ്ണക്കപ്പലിനു നേരെയുമുണ്ടായ ആക്രമണങ്ങളില്‍ ഇറാന് പങ്കുണ്ടെന്ന് സൗദി, യു.എ.ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് മേഖലയില്‍ അമേരിക്ക തങ്ങളുടെ സൈനിക സജ്ജീകരണങ്ങള്‍ ശക്തമാക്കിയത്.