പ്യോങ്‌യാങ് - യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിനു പിറകെ അഞ്ച് പ്രമുഖ ഉദ്യോഗസ്ഥര്‍ക്ക് ഉത്തര കൊറിയ വധശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ട്. ഹാനോയ് ഉച്ചകോടിക്കായി പുറപ്പെട്ട ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സ്വകാര്യ ട്രെയിനില്‍ കൂടെയുണ്ടായിരുന്ന, ഉച്ചകോടിയുടെ മുഖ്യ സൂത്രധാരില്‍ ഒരാള്‍ക്കൂടിയായിരുന്ന കിം ഹ്യോക് ചോള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് കൊല്ലപ്പെട്ടത്.
ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. പരമോന്നത നേതാവിനെ ചതിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു ശിക്ഷയത്രെ. കഴിഞ്ഞ മാര്‍ച്ച് മാസം മിരിം വിമാനത്താവളത്തില്‍ വച്ച് മറ്റ് നാല് പ്രമുഖ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു വധശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേര് പുറത്തുവന്നിട്ടില്ല. ഉച്ചകോടിക്കിടെ വീഴ്ച വരുത്തിയതിന് കിമ്മിന്റെ ദ്വിഭാഷിയായിരുന്ന ഷിന്‍ ഹൈ യോങ്ങിനെ ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്.
അന്തര്‍-കൊറിയന്‍ ബന്ധം കൈകാര്യം ചെയ്യുന്ന ദ.കൊറിയയുടെ യൂനിഫിക്കേഷന്‍ മന്ത്രാലയം സംഭവത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇത്തരത്തില്‍ ഉ.കൊറിയയില്‍ നിന്നുള്ള വധശിക്ഷ- ഉന്മൂലന വാര്‍ത്തകള്‍ മിക്കതും തെറ്റായിരുന്നെന്ന് പിന്നീട് തെളിയിക്കപ്പെട്ടിരുന്നു.