ലണ്ടന്‍-ബ്രിട്ടനില്‍ തടവില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് വിചാരണക്കായി വീഡിയോ കോണ്‍ഫറന്‍സിന് ഹാജരാകാനാവാത്ത വിധം രോഗബാധിതനെന്ന് റിപ്പോര്‍ട്ട്. അസാഞ്ചിനെ അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച വിചാരണക്ക് രോഗ ബാധിതനായതിനാല്‍ ഹാജരാകാനാവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ജയിലിലെ മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റിയ അസാഞ്ചിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് വിക്കിലീക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്നും ശരീര ഭാരം ഏറെ കുറഞ്ഞെന്നും വിക്കിലീക്‌സ് വ്യക്തമാക്കി. അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച അടുത്ത വാദം കേള്‍ക്കല്‍ ജൂണ്‍ 12നാണ്.
ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയിരുന്ന അസാഞ്ചിനെ ഏപ്രില്‍ 11നാണ് ബ്രിട്ടന്‍ അറസ്റ്റ് ചെയ്തത്. അമേരിക്കക്ക് കൈമാറുമെന്ന ഭയത്താല്‍ 2012 മുതല്‍ എംബസിയിലാണ് കഴിഞ്ഞിരുന്നത്. സ്വീഡനിലെ ലൈംഗികാരോപണക്കേസിലും, രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട കേസില്‍ അമേരിക്കയിലും വിചാരണ നേരിടുകയാണ് അസാഞ്ച്. കുറ്റം തെളിഞ്ഞാല്‍ പതിറ്റാണ്ടുകള്‍ തടവിലാകുന്ന 18 കേസുകളാണ് അമേരിക്ക അസാഞ്ചിനെതിരെ ചുമത്തിയിരിക്കുന്നത്.