ഹൈദരാബാദ്- ഒടുവില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചു. നടന്‍ മമ്മൂട്ടിയുടെ 'യാത്രക്കും' തന്റെ വിജയത്തില്‍ പങ്കുണ്ടെന്നാണ് ജഗന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനോടും അദ്ദേഹം നന്ദി പറഞ്ഞു. അഞ്ചു വര്‍ഷം മുന്‍പാണ് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബന്ധപ്പെട്ടത്. ഇതിനു ശേഷം ഇവര്‍ തയ്യാറാക്കി നല്‍കിയ രൂപരേഖ പ്രകാരമായിരുന്നു ജഗന്റെയും വൈ.എസ്. ആര്‍ കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തനങ്ങള്‍. ജഗന്റെ പിതാവും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ സിനിമയാക്കണമെന്ന് നിര്‍ദ്ദേശിച്ചതും പ്രശാന്ത് കിഷോറായിരുന്നു. ആന്ധ്ര രാഷ്ട്രീയത്തെ ഇളക്കിമറിച്ചതായിരുന്നു വിഭജനത്തിന് മുന്‍പുള്ള വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പദയാത്ര. ചുട്ടുപൊള്ളുന്ന ചൂടില്‍ ചോരയൊലിക്കുന്ന പാദങ്ങളോടെ ചുവട് വച്ച് ഗ്രാമങ്ങളിലൂടെ വൈ.എസ്.ആര്‍ നടത്തിയ പദയാത്രയാണ് 2004 ല്‍ തുടര്‍ ഭരണം കോണ്‍ഗ്രസ്സിന് സാധ്യമാക്കിയിരുന്നത്.