ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു ശേഷം സമൂഹ മാധ്യമങ്ങളില്‍ താരമായി മാറിയ എംപിയാണ് ഒഡീഷയില്‍ നിന്നു ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രതാപ് ചന്ദ്ര സാരംഗി. മുള കൊണ്ടുണ്ടാക്കിയ ചെറ്റക്കുടിലില്‍ ഒറ്റയാനായി കഴിയുകയും സൈക്കിളില്‍ സഞ്ചരിച്ച് സമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുകയും ചെയ്യുന്ന സാരംഗിയുടെ ലളിത ജീവിതം ഏറെ കയ്യടി നേടുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റപ്പോള്‍ ഒരു കേന്ദ്ര മന്ത്രി സ്ഥാനവും സാരംഗിയെ തേടിയെത്തിയതോടെ വൈറല്‍ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.
ഏവരേയും ആകര്‍ഷിക്കുന്ന ലളിത ജീവിതം നയിക്കുന്ന സാരംഗിയുടെ ഭൂതകാലം പക്ഷെ അത്ര ലളിതമായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ഹിന്ദുത്വ തീവ്രവാദ പശ്ചാത്തലം ചൂണ്ടിക്കാട്ടി ബിബിസി റിപോര്‍ട്ട് ചെയ്യുന്നത്. വര്‍ഗീയ കലാപത്തിന്റേയും സംഘര്‍ഷത്തിന്റേയും മതവിദ്വേഷത്തിന്റേയും കറ പുരണ്ട ഒരു ജീവിതത്തിലൂടെ കടന്നു വന്നാണ് സാരംഗി ഇന്ന് കേന്ദ്ര മന്ത്രി പദവി അലങ്കരിക്കുന്നത്. 1999-ല്‍ ഒഡീഷയില്‍ ഗ്രഹാം സ്‌റ്റെയ്ന്‍സ് എന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മതപ്രചരാകനേയും അദ്ദേഹത്തിന്റെ രണ്ടു മക്കളേയും ഒരു ജീപ്പിലിട്ട് ജീവനോടെ ചുട്ടെരിച്ച കൊന്ന സംഭവം നടക്കുമ്പോള്‍ പ്രതാപ് സാരംഗി ഹിന്ദുത്വ തീവ്രാവാദ സംഘടനയായ ബജ്‌റംഗ് ദള്‍ നേതാവായിരുന്നു. ബജ്‌റംഗ് ദള്‍ ആയിരുന്നു ഈ സംഭവത്തിനു പിന്നിലെന്ന് ക്രിസത്യന്‍ സമൂഹം ആരോപിച്ചിരുന്നു. ഈ വര്‍ഗീയ കൊലക്കേസില്‍ ബജ്‌റംഗ് ദള്‍ നേതാവ് ദാരാ സിങ് അടക്കമുള്ളവരെ 2003-ല്‍ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ ദാരാ സിങിന്റെ വധ ശിക്ഷ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പിന്നീട് ഒഡീഷ ഹൈക്കോടതി ഇളവ് ചെയ്യുകയായിരുന്നു.
2002-ല്‍ ഒഡീഷ നിയമസഭയ്ക്കു നേരെ ഹിന്ദുത്വ തീവ്രവാദ സംഘനടകള്‍ നടത്തിയ ആക്രമണക്കേസിലും പ്രതാപ് സാരംഗി അറസ്റ്റിലായിട്ടുണ്ട്. കലാപ, തീവെപ്പ്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി കുറ്റങ്ങളും സാരംഗിക്കുമേല്‍ ചുമത്തിയിരുന്നു.
ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പലപ്പോഴും പ്രതാപ് സാരംഗി ആവേശപൂര്‍വം സംസാരിച്ചിട്ടുണ്ടെന്ന് പത്രപ്രവര്‍ത്തകന്‍ സന്ദീപ് സാഹു പറയുന്നു. തനിക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാരെ സാരംഗി ദുഷ്ടന്‍മാര്‍ എന്നു വിളിച്ചിരുന്നതായും സാഹു പറയന്നു. ഇന്ത്യയെ മൊത്തം മതപരിവര്‍ത്തനം നടത്താന്‍ തുനിറങ്ങിയവരാണ് അവരെന്നായിരുന്നു സാരംഗി പറഞ്ഞത്. ഗ്രഹാം സ്റ്റെയ്ന്‍സിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച സാരംഗി മതപരിവര്‍ത്തനത്തിനെതിരെ തന്റെ ശക്തമായ നിലപാടില്‍ തന്നെ ഉറച്ചു നിന്നിരുന്നതായും സാഹു കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയുടേയും ഇതരമതവിദ്വേഷത്തിന്റേയും കറപുരണ്ട സാരംഗിയുടെ ഭൂതകാലം ഇപ്പോള്‍ അദ്ദേഹത്തെ സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കുന്നവര്‍ക്ക് ഒരു പക്ഷേ അറിയില്ല. അദ്ദേഹത്തിന്റെ ലളിത ജീവിതം കാണിക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ ഏറെ കയ്യടി ലഭിക്കുന്നത്.
തന്റെ മണ്ഡലത്തിലൂടെ സൈക്കിളിലാണ് സാരംഗി പര്യടനം നടത്താറുള്ളത്. തലസ്ഥാനമായ ഭൂവനേശ്വറില്‍ എത്തുമ്പോള്‍ കാല്‍നടയായും സൈക്കിളിലുമെത്തിയാണ് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നത്. ഭക്ഷണം റോഡരികിലെ ഭക്ഷണശാലകളില്‍ നിന്നും- സാഹു പറയുന്നു.