മെല്‍ബണ്‍-ഓസ്‌ട്രേലിയയില്‍ ആകാശത്ത് നിന്നും ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന തീഗോളം കണ്ട് പരിഭ്രാന്തരായി ജനങ്ങള്‍. മേയ് ഇരുപതിന് പുലര്‍ച്ചെയാണ് ഒരു വലിയ ബോളിന്റെ വലിപ്പമുള്ള തീഗോളത്തെ വടക്കന്‍ ഓസ്‌ട്രേലിയില്‍ ദൃശ്യമായത്.അഞ്ഞൂറ് കിലോമീറ്ററോളം ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഈ പ്രതിഭാസം ദൃശ്യമായതിനാല്‍ ഭീമാകാരനായ ഒരു ഉല്‍ക്കയാണ് ഭൂമിയെ ലക്ഷ്യമാക്കി വന്നതെന്ന കണക്ക് കൂട്ടലിലാണ് ശാസ്ത്രലോകം.
ഈ സംഭവത്തിന് കൃത്യം രണ്ട് ദിവസത്തിന്റെ ഇടവേളയില്‍ തെക്കന്‍ ഓസ്‌ട്രേലിയയിലും ഒരു മണിക്കൂറോളം ദൃശ്യമായ ഉല്‍ക്കയെ കാണാനിടയുണ്ടായി. രാജ്യത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങളിലായി ഉല്‍ക്കകള്‍ ആകാശത്തില്‍ ദൃശ്യമായതോടെ ജനങ്ങള്‍ പരിഭ്രാന്തരായിരിക്കുകയാണ്.
എന്നാല്‍ ദിനം പ്രതി ടണ്‍കണക്കിന് ഉല്‍ക്കകള്‍ ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നുണ്ടെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നുമാണ് ശാസ്ത്ര ലോകം വ്യക്തമാക്കുന്നത്. ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന ഉല്‍ക്കകള്‍ ഭൂരിഭാഗവും നമ്മുടെ നേത്രങ്ങള്‍ കൊണ്ട് കാണാനാവുന്നതിലും ചെറുതാണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ ഇവ എരിഞ്ഞ് തീരുന്നതാണ് പതിവ്.
അതേസമയം വലിപ്പം കൂടുന്നതോടെ ഉല്‍ക്കകള്‍ കത്തിതീരുന്നതിന് കൂടുതല്‍ സമയം എടുക്കുകയും തീഗോളം നമുക്ക് കാണാന്‍ സാധിക്കുകയും ചെയ്യും. അതിനാല്‍ വലിപ്പം കൂടുന്നതോടെ ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാണ്.