തിരുവനന്തപുരം- കൊച്ചിൻ മെട്രോ നോർക്ക റൂട്ട്‌സുമായി കൈക്കോർക്കുന്നതിന്റെ ഭാഗമായി വിദേശ മലയാളികൾക്ക് നിക്ഷേപ സാധ്യത ഒരുക്കും. കൊച്ചിൻ മെട്രോ കേരളത്തിൽ വലിയ വികസന സാധ്യത പ്രദാനം ചെയ്യുന്ന സംരംഭമായി മാറുന്നതോടെ മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പ്രവാസി നിക്ഷേപകർക്ക് നിരവധി സംരംഭക സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. സൂപ്പർ മാർക്കറ്റ്, ബിസിനസ് സെന്റർ, ഓഫീസ് സ്‌പേസ്, റീടൈൽ ഷോപ്പ്, കോഫി ഷോപ്പ്, ഐസ്‌ക്രീം പാർലർ, മറ്റ് ഔട്ട്‌ലെറ്റുകൾ തുടങ്ങിയ ഒട്ടേറെ സംരംഭങ്ങൾക്കുള്ള സൗകര്യമാണ് മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ടുള്ളത്. നോർക്ക റൂട്ട്‌സുമായി കെ.എം.ആർ.എൽ ഉണ്ടാക്കിയ ധാരണ പ്രകാരം നോർക്ക റൂട്ട്‌സ് വഴി അപേക്ഷ നൽകുന്ന പ്രവാസികൾക്ക് നിലവിലുള്ള വാടകയിൽ 25 ശതമാനം പ്രത്യേക ഇളവ് ലഭിക്കും. ഏഴ് മുതൽ പത്ത് വർഷക്കാലത്തേക്കാണ് കരാർ കാലാവധി. താൽപ്പര്യമുള്ള പ്രവാസികൾ നോർക്ക റൂട്ട്‌സിന്റെ ബിസിനസ് ഫെസിലിറ്റേഷൻ വിഭാഗവുമായി ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഇ-മെയിൽ [email protected], 9136944492 (വാട്‌സ് ആപ്പ്), 0471-2770534.