ജിദ്ദ- സൗദി അറേബ്യക്കു നേരെ ആക്രമണങ്ങൾ നടത്തുന്നതിനായി ഹൂത്തി മിലീഷ്യകൾ ഉപയോഗിച്ച ആയുധങ്ങൾ ഇസ്‌ലാമിക്, ഗൾഫ്, അറബ് ഉച്ചകോടികളിൽ പങ്കെടുക്കുന്ന ലോക നേതാക്കൾക്കും ഉച്ചകോടികൾ റിപ്പോർട്ട് ചെയ്യുന്ന വിദേശ മാധ്യമ പ്രവർത്തകർക്കും മുന്നിൽ പ്രദർശിപ്പിക്കുന്നു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലാണ് സൗദി അറേബ്യക്കു നേരെ ആക്രമണങ്ങൾ നടത്തുന്നതിന് ഹൂത്തികൾ ഉപയോഗിച്ച പൈലറ്റില്ലാ വിമാനങ്ങളും റിമോട്ട് കൺട്രോൾ ബോട്ടുകളും ബാലിസ്റ്റിക് മിസൈലുകളും ഷെല്ലുകളും മറ്റു ആയുധങ്ങളും പ്രദർശിപ്പിക്കുന്നത്. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങളിൽ ഇറാനുള്ള പങ്ക് ഈ ആയുധങ്ങൾ സ്ഥിരീകരിക്കുന്നു.
2018 മാർച്ച് 25 ന് റിയാദിനു നേരെ ആക്രമണം നടത്താൻ ഉപയോഗിച്ച ഇറാൻ നിർമിത, ഖിയാം ഇനത്തിൽ പെട്ട ബാലിസ്റ്റിക് മിസൈൽ, 2016 ൽ മക്കക്കു നേരെ ആക്രമണം നടത്താൻ ഉപയോഗിച്ച ഇറാൻ നിർമിത ഖിയാം ബാലിസ്റ്റിക് മിസൈൽ, ഇറാൻ നിർമിത പൈലറ്റില്ലാ വിമാനങ്ങളായ അബാബീൽ, ഖാസിഫ്, റാസിദ്, ഇറാൻ നിർമിത ആർ.പി.ജി ഷെൽ, പാറ്റൻ ടാങ്ക് വേധ മിസൈൽ ആയ ദഹ്‌ലവി ഇനത്തിൽ പെട്ട മിസൈൽ, ഇറാൻ നിർമിത ബൈനോക്കുലർ, ഇറാൻ സാങ്കേതിക വിദ്യയിൽ നിർമിച്ച സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് എന്നിവ അടക്കമുള്ള ആയുധങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന 56 രാഷ്ട്രങ്ങളിൽ നിന്നുള്ള നേതാക്കൾക്കും വിദേശ മാധ്യമ പ്രവർത്തകർക്കും കാണുന്നതിന് ജിദ്ദ എയർപോർട്ടിൽ പ്രദർശിപ്പിക്കുന്നത്.
പ്രതിരോധ മന്ത്രാലയം, വിദേശ മന്ത്രാലയത്തിലെ കമ്യൂണിക്കേഷൻസ് ആന്റ് മീഡിയ സെന്റർ, യെമൻ വികസന-പുനർനിർമാണ കേന്ദ്രം എന്നിവ സംയുക്തമായാണ് എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്. യെമനിലെ സൗദി അംബാസഡർ മുഹമ്മദ് സഈദ് ആലു ജാബിർ, സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി, വിദേശ മന്ത്രാലയത്തിലെ കമ്യൂണിക്കേഷൻസ്, മീഡിയ സെന്റർ ഡയറക്ടർ ജനറൽ അഹ്മദ് അൽ തുവയ്യാൻ എന്നിവർ എക്‌സിബിഷനിൽ പ്രദർശിപ്പിച്ച ഇറാൻ നിർമിത ഹൂത്തി ആയുധങ്ങളെക്കുറിച്ച് വിശദീകരിച്ചു നൽകുന്നു.