ജിദ്ദ - കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം. ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി, യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദി, ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവ്, ജിബൂത്തി പ്രസിഡന്റ് ഇസ്മായിൽ ഉമർ ഗ്വല്ല, ലെബനീസ് പ്രധാനമന്ത്രി സഅദ് അൽഹരീരി എന്നിവർ ഫോണിൽ ബന്ധപ്പെട്ട് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അനുമോദിച്ചു.
കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ്, കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് എന്നിവർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അനുമോദിച്ച് കമ്പി സന്ദേശങ്ങൾ അയച്ചു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി തെരഞ്ഞെടുത്തിൽ അനുമോദിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കുവൈത്ത് അമീറും കിരീടാവകാശിയും കമ്പി സന്ദേശങ്ങൾ അയച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹ്‌യാനും കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമും സൽമാൻ രാജാവിന് അനുമോദന സന്ദേശങ്ങൾ അയച്ചു. മറ്റു ലോക നേതാക്കളും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അനുമോദിച്ചു.