ന്യൂദല്‍ഹി- കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അണ്ണാ ഡിഎംകെ പിന്‍മാറി 20 വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടി വീണ്ടും കേന്ദ്ര മന്ത്രിസഭയില്‍ തിരിച്ചെത്തുന്നു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ മകനും സംസ്ഥാനത്തു നിന്ന് ജയിച്ച ഏക എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ഒ പി രവീന്ദ്രനാഥ് കുമാറിന് രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചു. ഡിഎംകെ തൂത്തുവാരിയ തമിഴ്‌നാട്ടില്‍ ജയിച്ച ഏക അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് രവീന്ദ്രനാഥ്. മന്ത്രിസഭയില്‍ ഉള്‍പ്പെട്ടതായി അറിയിച്ച് വ്യാഴാഴ്ച രാവിലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രവീന്ദ്രനാഥിന് വിളി വന്നത്.
തേനി മണ്ഡലത്തില്‍ അര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രവീന്ദ്രനാഥ് ജയിച്ചത്. പാര്‍ട്ടി മുന്‍ അധ്യക്ഷ ജയലളിത എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തു വന്നതിനു രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും അണ്ണാ ഡിഎംകെ ബിജെപി സഖ്യത്തില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ രാജ്യസഭാ എംപി ആര്‍ വൈത്തിലിഗവും രവീന്ദ്രനാഥും തമ്മിലായിരുന്നു കേന്ദ്ര മന്ത്രി പദവിക്കായുള്ള മത്സരം. പനീര്‍ശെല്‍വം അനുയായികള്‍ രവീന്ദ്രനാഥിനു വേണ്ടി നിലപാടെടുത്തപ്പോള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പക്ഷം വൈത്തിലിംഗത്തെയാണ് പിന്താങ്ങിയത്.
1998 മുതല്‍ അണ്ണാ ഡിഎംകെയില്‍ സജീവമായുള്ള രവീന്ദ്രനാഥിനെ 2016 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ജയലളിത പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. സ്വന്ത് സമ്പാദിച്ചു കൂട്ടിയതിന്റെ പേരിലായിരുന്നു നടപടി. അച്ഛന്‍ ഒ പനീര്‍ശെല്‍വവും അവഗണന നേരിട്ട സമയമായിരുന്നു ഇത്. പിന്നീട് 2018ല്‍ പുരട്ചി തലൈവി അമ്മ പേരവൈയുടെ തേനി ജില്ലാ സെക്രട്ടറി ആയാണ് രവീന്ദ്രനാഥ് തിരിച്ചെത്തിയത്.