ലഖിംപൂര്‍- അസമിലെ ലഖിംപൂര്‍ ജില്ലയില്‍ വര്‍ഷങ്ങളോളം ഭര്‍തൃപീഡനങ്ങള്‍ക്കിരയായ 48കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത് തലയുമായി കാൽനടയായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മസഗാവ് സ്വദേശിയായ ഗുണേശ്വരി ബര്‍കതാകി ഭര്‍ത്താവ് 55കാരനായ മുധിറാമിന്റെ തല പ്ലാസ്റ്റിക് കവറിലിട്ടാണ് ധാര്‍പൂര്‍ പോലീസ് ഔട്ട്‌പോസ്റ്റിലെത്തിയത്. ഭര്‍ത്താവില്‍ നിന്നും വര്‍ഷങ്ങളായി നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങളില്‍ പൊറുതിമുട്ടിയാണ് ഈ കടുംകൈ ചെയ്തതെന്നും ഗുണേശ്വരി കുറ്റം സമ്മതിച്ചു.
'വര്‍ഷങ്ങളായി എന്നെ മര്‍ദിച്ചു കൊണ്ടിരിക്കുകയായിരുന്നു. പലപ്പോഴും മഴു കൊണ്ട് പോലും മുറിപ്പെടുത്തിയിട്ടുണ്ട്. കുറെ കാലം മുമ്പു തന്നെ ഇദ്ദേഹത്തെ ഉപേക്ഷിച്ചു പോകാന്‍ ആലോചിച്ചിരുന്നതാണ്. എന്നാല്‍ കുട്ടികളെ ഓര്‍ത്ത് അതു ചെയ്തില്ല. പീഡനങ്ങള്‍ സഹിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് ഇതു ചെയ്യേണ്ടി വന്നത്. അല്ലെങ്കില്‍ അദ്ദേഹം എന്നെ കൊല്ലുമായിരുന്നു'- ഗുണേശ്വരി പോലീസിനോട് പറഞ്ഞു.
അഞ്ചു കുട്ടികളുടെ അമ്മയായ ഗുണേശ്വരി വടിവാള്‍ ഉപയോഗിച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ശേഷം തലറുത്ത് കവറിലാക്കി അഞ്ചു കിലോമീറ്റര്‍ നടന്നാണ് പോലീസ് സ്റ്റേഷനിലെത്തിയത്. മദ്യപിച്ചെത്തി ഭര്‍ത്താവ് വഴക്കിടുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതി ഗുണേശ്വരി ഇപ്പോല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.