ഇന്‍ഡോര്‍- പ്രഗ്യാ സിങ് താക്കൂറിനു പിറകെ ഗാന്ധി ഘാതകന്‍ നാതൂറാം ഗോഡ്‌സെക്ക് 'ദേശസ്‌നേഹ' സര്‍ട്ടിഫിക്കറ്റുമായി മറ്റൊരു ബി.ജെ.പി നേതാവ് കൂടി. മധ്യപ്രദേശ് ബി.ജെ.പി ഉപാധ്യക്ഷയും നിയമസഭാ അംഗവുമായ ഉഷ താക്കൂര്‍ ആണ് ഗോഡ്‌സെയെ ദേശസ്‌നേഹിയായി ചിത്രീകരിച്ചു രംഗത്തെത്തിയത്.
ജീവിത്തിലുടനീളം രാജ്യത്തെ കുറിച്ച ചിന്തകളുമായി കഴിഞ്ഞ വ്യക്തിയാണ് ഗോഡ്‌സെ എന്ന് ഉഷ പറഞ്ഞു. ഗാന്ധിയെ വധിക്കാനുള്ള തീരുമാനമെടുക്കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹത്തിനു മാത്രമേ അറിയൂ. നമ്മളാരും അതേക്കുറിച്ച് അഭിപ്രായം പറയരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നാല് ലക്ഷത്തോളം പെണ്‍കുട്ടികള്‍ എല്ലാവര്‍ഷവും ഇസ്ലാമിലേക്ക് മതം മാറുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അതിനെതിരെ ബോധവല്‍ക്കരണ യാത്രകള്‍ ആരംഭിരിക്കുകയാണെന്നും ഉഷ താക്കൂര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോഡ്‌സെയെ ദേശീയവാദിയാണെന്നു പറഞ്ഞ പ്രഗ്യ സിങ്ങിന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കാരണംകാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ച നേതാക്കള്‍ക്ക് പൊറുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പിറകെയാണ് ഇന്‍ഡോര്‍ എം.എല്‍.എയായ ഉഷ താക്കൂര്‍ സമാനപ്രസ്താവനയുമായി രംഗത്തെത്തുന്നത്.