അമ്മാന്‍: അമേരിക്കയുടെ നേതൃത്വത്തില്‍ പശ്ചിമേഷ്യന്‍ സമാധാനത്തിനായി നടക്കുന്ന രഹസ്യ നടപടികളില്‍ ആശങ്ക രേഖപ്പെടുത്തി ജോര്‍ദാന്‍ രാജാവ്. യു.എസ് പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജാരദ് കുഷ്‌നറോട് നേരിട്ടാണ് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശാശ്വതമായ പരിഹാരം ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമായുള്ള ദ്വിരാഷ്ട്ര ഫോര്‍മുലയാണെന്ന് രാജാവ് വ്യക്തമാക്കി.
ജൂണില്‍ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ സമാധാന സമ്മേളനത്തിനു പിന്തുണ തേടിയാണ് കുഷ്‌നര്‍ ജോര്‍ദാനിലെത്തിയത്. അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ട്രംപിന്റെ ഫലസ്തീന്‍-ഇസ്‌റാഈല്‍ സമാധാന ഫോര്‍മുല പ്രഖ്യാപിക്കുമെന്നാണു സൂചന.
ദ്വിരാഷ്ട്ര പരിഹാരത്തില്‍ ഊന്നിയുള്ള ശാശ്വതവും സമഗ്രവുമായ സമാധാനശ്രമമാണ് ഉണ്ടാവേണ്ടത്. 1967യിലെ അറബ് യുദ്ധക്കാലത്ത് ഇസ്‌റാഈല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക് ഫലസ്തീനിനു തിരിച്ചുനല്‍കണം. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം-കൂടിക്കാഴ്ചയില്‍ അബ്ദുല്ല രാജാവ് വ്യക്തമാക്കിയതായി അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.