പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്
പ്രധാനാധ്യാപിക ഉൾപ്പെടെ മൂന്ന് അധ്യാപകർ പ്രതികൾ
കോഴിക്കോട്- മുക്കം നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു പരീക്ഷയെഴുതാൻ അധ്യാപകർ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ ഒന്നാം പ്രതിയായ സ്കൂൾ പ്രധാനാധ്യാപിക റസിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രധാനാധ്യാപിക ഉൾപ്പെടെ മൂന്ന് അധ്യാപകരാണ് മുഖ്യ പ്രതികൾ. പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. രണ്ടും മൂന്നും പ്രതികളായ നിഷാദ് വി.മുഹമ്മദ്, പി.കെ.ഫൈസൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച തള്ളിയിരുന്നു.
ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അധ്യാപകർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നു സൂചനയുണ്ട്. വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്. അതിനിടെ സംഭവം നടന്ന് മൂന്നാഴ്ചയോളമായിട്ടും അധ്യാപകരെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യു.ഡി.എഫ് കൗൺസിലർമാർ മുക്കം നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചെങ്കിലും ഇടത് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് വോട്ടിനിട്ടു തള്ളുകയായിരുന്നു. സ്കൂളിന് ചീത്തപ്പേരാകുമെന്ന് പറഞ്ഞാണ് പ്രമേയം തള്ളിയതെങ്കിലും ഭരണ കക്ഷിയിൽപെട്ട ചിലർ അധ്യാപകർക്ക് ഒത്താശ ചെയ്യുകയാണെന്ന ആരോപണം ഉയർന്നു. അത് തന്നെയാണ് അറസ്റ്റ് വൈകുന്നതിലേക്കും കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ഭരണകക്ഷി അധ്യാപക സംഘടനയുമായി ബന്ധമുള്ളവരാണ് സംഭവത്തിൽ ഉൾപ്പെട്ട അധ്യാപകരെന്നറിയുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ തന്നെ അധ്യാപകർ രഹസ്യമായി താമസിക്കുന്നുണ്ടെന്ന വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടങ്കിലും അറസ്റ്റ് വൈകുകയാണ്. മുക്കം സി.ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവശേഷം ഒളിവിൽ കഴിയുന്ന പ്രതികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. വിദേശത്തേക്കു കടക്കാനുള്ള സാധ്യതയെ തുടർന്ന് അധ്യാപകർക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അധ്യാപകരെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ കുട്ടികൾ എഴുതിയ ഉത്തരക്കടലാസുകൾ എവിടെയെന്നതു സംബന്ധിച്ചു വ്യക്തത വരൂ. ഇത് ലഭിച്ചാൽ മാത്രമെ അന്വേഷണ സംഘത്തിന് അന്വേഷണ സംബന്ധമായ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുവാൻ കഴിയുകയുള്ളൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.