മക്ക - വിശുദ്ധ ഹറമിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ സൈനികരുടെ കർത്തവ്യങ്ങൾ വിലയിരുത്തുന്നതിന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ സന്ദർശനം നടത്തി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ആശംസകൾ സുരക്ഷാ സൈനികരെ ആഭ്യന്തര മന്ത്രി അറിയിച്ചു. വിശുദ്ധ ഹറമിനകത്തും മുറ്റങ്ങളിലും സന്ദർശനം നടത്തിയ ആഭ്യന്തര മന്ത്രി സുരക്ഷാ സൈനികർക്കൊപ്പം ഇഫ്താറിൽ പങ്കെടുക്കുകയും ചെയ്തു. ഉംറ സുരക്ഷാ പദ്ധതി ഘട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഫലങ്ങളെ കുറിച്ചും വിശുദ്ധ റമദാനിൽ അവശേഷിക്കുന്ന ദിവസങ്ങളിൽ ആൾക്കൂട്ട നിയന്ത്രണത്തിന് തയാറാക്കിയ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചും പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഉംറ സുരക്ഷാ സേനാ കമാണ്ടറുമായ ജനറൽ ഖാലിദ് അൽഹർബി ആഭ്യന്തര മന്ത്രിക്ക് വിശദീകരിച്ചു നൽകി. ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിർ അൽദാവൂദ്, സുരക്ഷാ കാര്യങ്ങൾക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽമുഹന്ന തുടങ്ങിയവർ ആഭ്യന്തര മന്ത്രിയെ അനുഗമിച്ചു.