Sorry, you need to enable JavaScript to visit this website.

സ്‌കൂൾ ഏകീകരണം: ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു

തിരുവനന്തപുരം- പ്രതിപക്ഷസംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളെ ഏകീകരിക്കുന്ന പ്രൊഫ.ഖാദർകമ്മറ്റി റിപ്പോർട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിനായി പ്രൊഫ.ഖാദർ കമ്മിറ്റി ശുപാർശ ചെയ്ത ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കഷണൽ ഹയർ സെക്കന്ററി ഏകീകരണം നടപ്പിലാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. വിദഗ്ധ സമിതി ശുപാർശകൾ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. 
ആദ്യഘട്ടം 2019-20 അധ്യയനവർഷം തന്നെ നടപ്പാക്കാൻ തുടങ്ങും. ഇതിന്റെ ഭാഗമായി നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കന്ററി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കന്ററി ഡയറക്ടറേറ്റ് എന്നീ മൂന്നു ഡയറക്ടറേറ്റുകളെയും യോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യുക്കേഷൻ രൂപീകരിക്കും. ഐ.എ.എസ് കാഡറിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ ചുമതല. 
ഇപ്പോൾ ഡി.പി.ഐ, ഡി.എച്ച്.എസ്.ഇ, ഡി.വി.എച്ച്.എസ്.ഇ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ്ടു എന്നിവ ഉൾപ്പെടെയുള്ള പൊതു പരീക്ഷകളുടെ നടത്തിപ്പിന് ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷനെ പരീക്ഷാ കമ്മീഷണറായി നിയമിക്കും. 
എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ നിലവിലുള്ളതുപോലെ തുടരും. ഈ വിഭാഗങ്ങൾ ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷന്റെ പരിധിയിലായിരിക്കും. മേഖല, ജില്ല, ഉപജില്ലാതലത്തിലുള്ള ആർ.ഡി.ഡി, എ.ഡി, ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ എന്നീ ഓഫീസ് സംവിധാനങ്ങൾ നിലവിലുള്ളതുപോലെ തുടരും. 
ഹയർസെക്കന്ററിതലം വരെയുള്ള സ്ഥാപനത്തിന്റെ മേധാവി പ്രിൻസിപ്പലായിരിക്കും. നിലവിലുള്ള ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പാൾ ആകും. സ്‌കൂളിന്റെ പൊതു ചുമതലയും ഹയർസെക്കന്ററി വിഭാഗത്തിന്റെ അക്കാദമിക് ചുമതലയും പ്രിൻസിപ്പാൾ വഹിക്കും. ഹൈസ്‌കൂളിന്റെ നിലവിലുള്ള ഓഫീസ് സംവിധാനം ഹയർസെക്കന്ററിക്കു കൂടി ബാധകമായ രീതിയിൽ പൊതു ഓഫീസായി മാറും. ശമ്പളവിതരണത്തിന് ഏകീകൃത സംവിധാനം വരുന്നതുവരെ നിലവിലുള്ള സംവിധാനം തുടരും. 
ഹയർസെക്കന്ററി ഇല്ലാത്ത സ്‌കൂളുകളിൽ നിലവിലുള്ള സമ്പ്രദായം അതേപടി തുടരും. ഏകീകരണവുമായി ബന്ധപ്പെട്ട് സമഗ്രമായ സ്‌പെഷ്യൽ റൂൾ ഉണ്ടാക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇന്നലെ നിയമസഭനിർത്തിവെച്ച് ഖാദർകമ്മറ്റി റിപ്പോർട്ട് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയം സ്പീക്കർ തള്ളിയിരുന്നു. ഇതിനെ തുടർന്ന് പ്രതിപക്ഷം സഭവിട്ടിറങ്ങിപ്പോകുകയും ചെയ്തു. പ്രൊഫ.ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കിയാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
പ്രതിപക്ഷ അധ്യാപകസംഘടനകളും സമരത്തിലേക്ക് നീങ്ങുകയാണ്. ജൂൺ മൂന്നിന് സ്‌കൂളുകൾ തുറക്കാനിരിക്കെയാണ് മന്ത്രിസഭായോഗം ഖാദർകമ്മറ്റി റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചത്. ഇത് മൂലം സ്‌കൂൾ അന്തരീക്ഷം സംഘർഷഭരിതമാകാനുള്ള സാധ്യതകൂടുതലാണ്. ഹയർസെക്കൻഡറി, ഹൈസ്‌കൂൾ സംയോജനം നടത്തില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു.  ഹൈസ്‌കൂൾ അധ്യാപകർ ഹൈസ്‌കൂളിലും ഹയർസക്കൻഡറി അധ്യാപകർ ഹയർക്കെൻഡറിയിലുമായിരിക്കും തുടർന്നും പഠിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞിരുന്നു. 
എന്നാൽ ഖാദർകമ്മറ്റി റിപ്പോർട്ട് നടപ്പാക്കാൻ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടാണ് പ്രതിപക്ഷസംഘടനകൾ സ്വീകരിച്ചിട്ടുള്ളത്. റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതോടെ പ്രതിപക്ഷസംഘടനകളും സർക്കാരും തമ്മിൽ തുറന്നപോരിലേക്ക് നീങ്ങുകയാണ്.
 

Latest News