വിദിഷ (മധ്യപ്രദേശ്)- വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും കാര്‍മികത്വം വഹിച്ച പുരോഹിതനൊപ്പം നവവധു ഒളിച്ചോടി. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ബഗ്‌റോഡിലാണ് സംഭവം. കാണാതായ 21-കാരി റീന ബായിയുടെ വിവാഹം മേയ് ഏഴിനായിരുന്നു. വിനോദ് മഹാരാജ് എന്ന പുരോഹിതനാണ് ആചാരപ്രകാരമുള്ള കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മേയ് 23 മുതലാണ് റീനയേയും വിനോദിനേയും കാണാതായത്. പണവും ആഭരണങ്ങളുമെല്ലാം റീന എടുത്തതായി ബന്ധുക്കള്‍ പറയുന്നു. വിവാഹത്തിനു മുമ്പു തന്നെ പുരോഹിതനുമായി റീനയ്ക്കു പ്രണയമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ സംശയം. പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.