ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണം കത്തിനില്‍ക്കുന്ന വേളയിലാണ് മേയ് 10ന് പ്രധാനമന്ത്രി മോഡിയുടെ നിലപാടുകളെ വിമര്‍ശിച്ച് ആഗോള പ്രശസ്ത വാര്‍ത്താ പ്രസിദ്ധീകരണമായ ടൈം മാഗസിന്‍ ഒരു മുഖ ലേഖനം പ്രസിദ്ധീകരച്ചത്. ഭിന്നിപ്പിന്റെ ആശാന്‍ എന്ന തലക്കെട്ടും കവര്‍ ചിത്രവും സഹിതം വന്ന ഈ ലേഖനം വലിയ ചര്‍ച്ചയാകുകയും ആഗോള തലത്തില്‍ മോഡിക്ക് നാണക്കേടായെന്നും വിലയിരുത്തലുകള്‍ വന്നിരുന്നു. രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും മോഡി വീണ്ടും ജയിച്ചു അധികാരത്തിലെത്തി. ഇതോടെ മോഡിയെ വാഴ്ത്തുന്ന ലേഖനമായാണ് ടൈം മാഗസിന്റെ വെബ്‌സൈറ്റില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭിന്നിപ്പിന്റെ നേതാവ് എന്നു വിശേഷിപ്പിച്ച ടൈം പുതിയ ലേഖനത്തില്‍ എല്ലാവരേയും ഒന്നിപ്പിക്കുന്ന ആളെന്നാണ് മോഡിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
മറ്റൊരു പ്രധാനമന്ത്രിക്കും കഴിയാത്ത വിധമാണ് മോഡി രാജ്യത്തെ ഒന്നിപ്പിച്ചതെന്ന് മനോഡ് ലഡ്‌വ എഴുതിയ ലേഖനത്തില്‍ പറയുന്നു. ലേഖനത്തിന്റെ തലക്കെട്ടില്‍ തന്നെ ഇതു പരാമര്‍ശിക്കുന്നുണ്ട്. 2014-ല്‍ 'നരേന്ദ്ര മോഡി ഫോര്‍ പിഎം' എന്ന പ്രചാരണത്തിന്റെ അണിയറില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് ഈ ലേഖകന്‍. ഇന്ത്യയില്‍ ഏറ്റവും പ്രധാന വിഷയമായ ജാതി ഭിന്നതയെ മോഡി വിജയകരമായി മറികടന്നു. പിന്നോക്ക ജാതിയില്‍ പിറന്നതു കൊണ്ടാണ് മോഡിക്ക് ഒരു ഒന്നിപ്പിക്കല്‍ക്കാരനായി വളര്‍ന്നതെന്നും ലേഖകന്‍ പറയുന്നു. 1971ല്‍ ഇന്ദിരാ ഗാന്ധി നേടിയ വിജയത്തിനു ശേഷം എല്ലാവരേയും ഒന്നിപ്പിച്ച് ഇത്രവലിയ വിജയം കൊയ്യാന്‍ മറ്റൊരു പ്രധാനമന്ത്രിമാര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തിലുണ്ട്.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീല്‍ ടൈം മേയ് 10 ലക്കത്തില്‍ എഴുതിയ ലേഖനത്തിനു നേര്‍ വിരുദ്ധമായാണ് പുതിയ ലേഖനം. ആള്‍ക്കൂട്ട കൊലപാതകങ്ങളും തീപ്പൊരി ഹിന്ദുത്വ നേതാവായ യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയതും അടക്കം നിരവധി സംഭവങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു തസീറിന്റെ ലേഖനം. മോഡിയെ ഭിന്നപ്പിക്കലിന്റെ നേതാവായി അവതരിപ്പിച്ചത് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവും എടുത്തു ഉപയോഗിച്ചു. അതേസമയം ലേഖന്‍ തസീറിനെതിരെ ബിജെപി, സംഘ പരിവാര്‍ സൈബര്‍ അണികള്‍ വലിയ സൈബര്‍ ആക്രമണം അഴിച്ചുവിട്ടാണ് ഈ ലേഖനത്തോട് പ്രതികരിച്ചത്. തസീറിന്റെ പാക്കിസ്ഥാന്‍ കുടുംബവേര് ചികഞ്ഞും ആക്രമണമുണ്ടായി.