ന്യൂദല്‍ഹി- വിദേശ യാത്രക്ക് വേണ്ടി കെട്ടിവെച്ച 10 കോടി രൂപ മടക്കിനല്‍കണമെന്ന മുന്‍മന്ത്രി പി.ചിദംബരത്തിന്റെ മകനും ശിവഗംഗ മണ്ഡലത്തിലെ പുതിയ എം.പിയുമായ കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. തല്‍ക്കാലം മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കുന്നതാണ് നല്ലതെന്ന് കോടതി കാര്‍ത്തി ചിദംബരത്തെ ഉപദേശിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന കാര്‍ത്തി ചിദംബരം ലോക്‌സഭാ തരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍നിന്ന് മൂന്ന് ലക്ഷത്തിലേറ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റേയും സി.ബി.ഐയുടേയും അന്വേഷണങ്ങള്‍ നേരിടുകയാണ് കാര്‍ത്തി ചിദംബരവും പിതാവ് പി.ചിദംബരവും. ഈ വര്‍ഷാദ്യം വിദേശയാത്ര നടത്താന്‍ അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കാര്‍ത്തി ചിദംബരത്തിന് 10 കോടി രൂപയുടെ ജാമ്യത്തില്‍ കോടതി അനുമതി നല്‍കിയിരുന്നു. പിന്നീട് മെയ് മാസം ആദ്യം യുഎസ് യാത്രാനുമതിക്കായി 10 കോടി രൂപ കൂടി കെട്ടിവെയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടു. താന്‍ ആദ്യം കെട്ടി വെച്ച തുക വായ്പയെടുത്തതാണെന്നും അത് തിരിച്ചടയ്ക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ 10 കോടി രൂപ മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം വീണ്ടും കോടതിയെ സമീപിച്ചു. ആദ്യം കെട്ടി വെച്ച തുക മടക്കി നല്‍കാമെന്നും പകരം കെട്ടിവെക്കേണ്ട തുക 20 കോടി രൂപയാക്കി വര്‍ധിപ്പിക്കുമെന്നും കോടതി കാര്‍ത്തി ചിദംബരത്തെ അറിയിച്ചു.
3500 കോടി രൂപയുടെ എയര്‍സെല്‍ മാക്‌സിസ് കരാറിലും 305 കോടി രൂപയുടെ ഐഎന്‍എക്‌സ് മീഡിയ കേസിലും അന്വേഷണം നേരിടുകയാണ് കാര്‍ത്തി ചിദംബരവും പി. ചിദംബരവും. കാര്‍ത്തി ചിദംബരത്തെ വിദേശത്തേക്ക് പോകാന്‍ അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.