ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭാംഗത്വം അനിശ്ചിതത്വത്തില്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലേക്കു വിജയിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് അസം കോണ്‍ഗ്രസ് നേതൃത്വം. രാജ്യസഭയിലേക്ക് ഒരു അംഗത്തെ ജയിപ്പിക്കാന്‍ വേണ്ട അംഗബലം ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ അസമില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. 126 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 25 എം.എല്‍.എമാര്‍ മാത്രമാണുള്ളത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് 87 എം.എല്‍.എമാരുണ്ട്. മുന്നണിക്കു പുറത്തുള്ള എ.ഐ.യു.ഡി.എഫിനു 12 എം.എല്‍.എമാരുണ്ടെങ്കിലും അവരോടൊപ്പം ചേര്‍ന്ന് ഒരു എം.പിയെ വിജയിപ്പിക്കാന്‍ മതിയായ അംഗബലം കിട്ടില്ലെന്ന് അസം കോണ്‍ഗ്രസ് വക്താവ് അപൂര്‍ബ ഭട്ടാചാര്യ പറയുന്നു.
നിലവില്‍ ഭൂരിപക്ഷമുള്ള ബി.ജെ.പി ഒരു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥി വിഷയത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു. രണ്ടാമത്തെ സീറ്റിലേക്കു മുന്നണിയിലെ അസം ഗണപരിഷത്ത് തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ചര്‍ച്ചകളിലാണ്. അതിനിടയില്‍ മറ്റു പാര്‍ട്ടികളുമായി ധാരണയുണ്ടാക്കുക പ്രായോഗികമല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, 1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ മന്‍മോഹന്‍ സിംഗിനെ മറ്റേതെങ്കിലും സംസ്ഥാനത്തു നിന്നു സ്ഥാനാര്‍ഥിയാക്കാനാകുമോയെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. ബിഹാര്‍, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത മാസം രാജ്യസഭയിലേക്കു തെരഞ്ഞെടുപ്പ് നടക്കും. ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ സാധ്യത കുറവാണെങ്കിലും തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ ഡി.എം.കെ പിന്തുണച്ചാല്‍ മന്‍മോഹന്‍ സിംഗിനെ രാജ്യസഭാംഗമാക്കാനാവുമെന്നും നേതാക്കള്‍ പറയുന്നു.