Sorry, you need to enable JavaScript to visit this website.

ദീപാ നിശാന്തിന്റെ കവിതാമോഷണം; യു.ജി.സിക്ക് റിപ്പോർട്ട് നൽകി

തൃശൂർ-  തൃശൂർ ശ്രീ കേരളവർമ കോളേജിലെ അധ്യാപിക ദീപാ നിശാന്ത് കവിത മോഷ്ടിച്ചെന്ന വിവാദസംഭവത്തിൽ യു.ജി.സിക്ക് കോളേജ് പ്രിൻസിപ്പൽ റിപ്പോർട്ട് നൽകി. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്ന് യു.ജി.സി പ്രിൻസിപ്പലിനോട് നോട്ടീസ് മുഖാന്തിരം ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി സ്റ്റാഫ് കൗൺസിലിന്റെ യോഗം ചേർന്ന് അവരുടെ അഭിപ്രായങ്ങൾ കൂടി ക്രോഡീകരിച്ചാണ് പ്രിൻസിപ്പൽ ഈശ്വരി യു.ജി.സിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച ശേഷമാണ് റിപ്പോർട്ട് നൽകിയതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. 
ദീപാ നിശാന്തിന്റെ വിശദീകരണവും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ടെന്നാണ് സൂചന. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന കോളേജായതിനാൽ ബോർഡിന്റെ അഭിപ്രായവും റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി ആരാഞ്ഞ് ബോർഡ് ഈ വിഷയത്തിൽ കൈക്കൊണ്ട നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 
കവിതാ മോഷണവുമായി ബന്ധപ്പെട്ട് കോളേജിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. 
കോളേജ്തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ടും സമർപ്പിക്കണമെന്ന് യു.ജി.സി നിർദ്ദേശിച്ചിരുന്നു. എന്നാൽ അത്തരത്തിലൊരു വിശദമായ അന്വേഷണം കോളേജ് തലത്തിൽ നിന്നുണ്ടായിട്ടില്ല. കൊച്ചിൻ ദേവസ്വം ബോർഡിൽ ഒരു അധ്യാപക സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപാ നിശാന്തിനോട് ബോർഡ് വിശദീകരണം ചോദിക്കുകയും തുടർന്ന് കോളേജിലെ ഫൈൻ ആർട്‌സിന്റെ ചുമതലകളിൽ നിന്നും ദീപാ നിശാന്തിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം യു.ജി.സിക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. 
'അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ' എന്ന ശീർഷകത്തിൽ കവി എസ്.കലേഷ് 2011ൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ച കവിതയിലെ വരികളാണു ദീപാ നിശാന്ത് സ്വന്തമെന്ന മട്ടിൽ പ്രസിദ്ധീകരിച്ചതും വിവാദമായതും. അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തു കൊണ്ട് ലഭിച്ച പരാതിയിലാണ് യു.ജി.സിയുടെ ഇടപെടൽ. തൃശൂർ സ്വദേശി സി.ആർ.സുഖുവാണ് കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപികയ്‌ക്കെതിരെ യു.ജി.സിക്ക് പരാതി നൽകിയത്. 
കോളേജ് പ്രിൻസിപ്പൽ നൽകിയ വിശദമായ റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതെക്കുറിച്ച് യു.ജി.സി തീരുമാനിക്കും.
ദീപാ നിശാന്തിന്റെ വിശദീകരണം യു.ജി.സി നേരിട്ട് ചോദിക്കുമെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം യു.ജി.സിയുടേതായിരിക്കും.


 

Latest News