മക്ക - സൗദി അറേബ്യക്കു പിന്നിൽ നൂറു കോടിയിലേറെ മുസ്‌ലിംകൾ നിലയുറപ്പിക്കുന്ന കാര്യം സൗദി അറേബ്യയെ ആക്രമിക്കുന്നവർ മനസ്സിലാക്കണമെന്ന് ചെച്‌നിയൻ പ്രസിഡന്റ് റമദാൻ അഹ്മദോവിച്ച് ഖദീറോവ് പറഞ്ഞു. 'വിശുദ്ധ ഖുർആൻ, സുന്നത്ത് വചനങ്ങളിൽ മിതവാദ മൂല്യങ്ങൾ' എന്ന ശീർഷകത്തിൽ മക്കയിൽ മുസ്‌ലിം വേൾഡ് ലീഗ് (റാബിത്വ) സംഘടിപ്പിക്കുന്ന ത്രിദിന ആഗോള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെച്‌നിയൻ പ്രസിഡന്റ്. സൗദി അറേബ്യ ഒരിക്കലും ഒറ്റക്കല്ല എന്ന കാര്യം സൗദിയെ ആക്രമിക്കുന്നവർ മനസ്സിലാക്കണം. സത്യസന്ധരും വിശ്വാസികളുമായ 100 കോടിയിലേറെ മുസ്‌ലിംകൾ സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കും. ഇക്കൂട്ടത്തിൽ ചെച്‌നിയൻ മുസ്‌ലിംകൾ മുൻനിരയിലുണ്ടാകുമെന്നും റമദാൻ അഹ്മദോവിച്ച് ഖദീറോവ് പറഞ്ഞു.