Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ രക്ഷിക്കാന്‍ മന്ത്രിസഭാ വികസനത്തിന് നീക്കം

ബംഗളുരു- കര്‍ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28ല്‍ 26 സീറ്റുകളും ബിജെപി തൂത്തുവാരിയതിനെ തുടര്‍ന്ന് നില പരുങ്ങലിലായ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ ബിജെപിയുടെ ചാക്കിട്ടുപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മന്ത്രിസഭാ വികസിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി രണ്ട് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണാടകയിലെത്തിയിട്ടുണ്ട്. ഇന്നും നാളെയുമായി തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. നിയമസഭാ പാര്‍ട്ടി  യോഗം വിളിച്ച് എത്ര എംഎല്‍എമാര്‍ കൂടെയുണ്ടെന്ന് പരിശോധിക്കാനും നീക്കമുണ്ട്.

കര്‍ണാടകയുടെ ചുമതലയുള്ള കെ.സി വേണുഗോപാല്‍, ഗുലാം നബി ആസാദ് എന്നിവരാണ് ബംഗളുരുവിലെത്തുന്നത്. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വര, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു, കോണ്‍ഗ്രസിന്റെ തന്ത്രജ്ഞന്‍ മന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരുമായാണ് നേതാക്കള്‍ ചര്‍ച്ച നടത്തുക.  മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്.ഡി കുമാരസ്വാമിയും ചില യോഗങ്ങളില്‍ പങ്കെടുക്കും.

മാസങ്ങളായി നേതാക്കള്‍ക്കിടയിലെ പോര് കാരണം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അത്ര സ്വരചേര്‍ച്ചയിലല്ല. ഇതോടൊപ്പം കനത്ത പരാജയം കൂടിയായതോടെ പരുങ്ങലിലായി. ചാക്കിട്ടു പിടുത്തത്തിന് മികച്ച അവസരമായാണ് ബിജെപി ഈ സാഹചര്യത്തെ കാണുന്നത്. എട്ടു എംഎല്‍എമാരെ കൂടി ലഭിച്ചാല്‍ ബിജെപിക്ക് സംസ്ഥാനത്ത് അധികാരം പിടിക്കാം.

ഇതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജര്‍കിഹോളി, ഡോ. സുധാകര്‍ എന്നിവര്‍ ബിജെപി നേതാവായ എസ്.എം കൃഷ്ണയെ കണ്ടത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
 

Latest News