Sorry, you need to enable JavaScript to visit this website.

ഇംറാന്‍ ഖാനെ ക്ഷണിച്ചില്ല; മോഡിയുടെ നടപടി കാര്യമാക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്- വ്യാഴാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ ക്ഷണിക്കാതിരുന്ന നടപടിയെ അവഗണിച്ച് പാക്കിസ്ഥാന്‍. ബിംസ്ടെക്(ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റിവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് എക്കോണമിക് കോഓപറേഷന്‍) അംഗരാജ്യങ്ങളുടെ തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇംറാന്‍ ഖാന് ക്ഷണം ലഭിച്ചിരുന്നില്ല. ഇതിനോടാണ് പാക് വിദേശകാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറേഷി പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോഡിയുടെ മൊത്തം ശ്രദ്ധ പാക്കിസ്ഥാനെ ആക്രമിക്കുന്നതിലായിരുന്നു. ഈ ആഖ്യാനത്തില്‍ നിന്ന് അദ്ദേഹത്തിന് പെട്ടെന്ന് രക്ഷപ്പെടാനാകുമെന്നു പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്-ഖുറേഷി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചില്ലെങ്കില്‍ വേണ്ട.  സിയാച്ചിന്‍, സര്‍ ക്രീക്ക് പ്രശ്നങ്ങളെ പോലെ കശ്മീര്‍ വിഷയത്തിലും പരസ്പരം സംവദിച്ചാലേ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക-സാമ്പത്തിക രംഗത്തെ സഹകരണത്തിനായുള്ള അയല്‍രാജ്യ കൂട്ടായ്മയാണ് ബിംസ്ടെക്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, മ്യാന്മര്‍, ശ്രീലങ്ക, തായ്ലന്‍ഡ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവയാണു കൂട്ടായ്മയിലെ അംഗങ്ങള്‍.

 

Latest News