ചെന്നൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്തി തമിഴ് മെഗാസ്റ്റാര്‍ രജനികാന്ത്. ജവഹര്‍ലാല്‍ നെഹ്‌റുവിനെയും രാജീവ് ഗാന്ധിയെയും പോലെ വ്യക്തിപ്രഭാവമുള്ള നേതാവാണ് മോഡിയെന്നാണ് താരത്തിന്റെ പ്രശംസ. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും രജനികാന്ത് അറിയിച്ചു.
ഈ ജയം മോഡിക്കുള്ള വിജയമാണ്. ഇന്ത്യയില്‍ നെഹ്‌റുവിനും രാജീവ് ഗാന്ധിക്കും ശേഷം വന്ന വ്യക്തിപ്രഭാവമുള്ള നേതാവാണ് മോഡി-അദ്ദേഹം പറഞ്ഞു. ഗോദാവരിയെയും കാവേരിയെയും ബന്ധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പദ്ധതിയെയും താരം അഭിനന്ദിച്ചു. നേരത്തെ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ തന്നെ മോഡിയെ അഭിനന്ദിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.
മോഡിയുടെ രണ്ടാമൂഴത്തിനു തുടക്കം കുറിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയരംഗത്തേക്ക് ചുവടുറപ്പിച്ച ദക്ഷിണേന്ത്യന്‍ ചലച്ചിത്രതാരങ്ങളായ കമല്‍ഹാസനും രജിനികാന്തിനും ക്ഷണം ലഭിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് താരം ഉപദേശവും നല്‍കിയിട്ടുണ്ട്. ''രാഹുല്‍ ഗാന്ധി രാജിവയ്ക്കരുത്. തനിക്ക് വിജയിക്കാനാകുമെന്ന് അദ്ദേഹം തെളിയിക്കണം. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷവും ശക്തമായിരിക്കേണ്ടതുണ്ട് ''-രജനികാന്ത് പറഞ്ഞു.