Sorry, you need to enable JavaScript to visit this website.

ബി.ജെ.പി കെണിയില്‍ വീഴരുതെന്ന് രാഹുലിനോട് ലാലു പ്രസാദ്

പട്‌ന- കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരമെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറാനുള്ള രാഹുലിന്റെ തീരുമാനം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു മാത്രമല്ല, സംഘപരിവാറിനെതിരെ പോരാടുന്ന എല്ലാ ശക്തികള്‍ക്കും മരണമണി മുഴക്കുമെന്ന് ലാലു പറഞ്ഞു. ബി.ജെ.പി ഒരുക്കിയ കെണിയില്‍ വീഴരുതെന്ന് ലാലു ഉണര്‍ത്തി.
ഗാന്ധികുടുംബത്തില്‍നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷസ്ഥാനത്ത് എത്തിയാല്‍, ആ വ്യക്തിയെ ഗാന്ധികുടുംബത്തിന്റെ പാവ എന്നായിരിക്കും എതിരാളികള്‍ വിശേഷിപ്പിക്കുക. എന്തിനാണ് അതിനുള്ള അവസരം രാഹുല്‍ തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് നല്‍കുന്നതെന്ന് ലാലു ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോഡിയുടെ വിജയം തങ്ങളുടെ കൂട്ടായ പരാജയമാണെന്ന് പ്രതിപക്ഷം അംഗീകരിക്കണം. എവിടെയാണ് തെറ്റുപറ്റിയതെന്ന് പ്രതിപക്ഷം പരിശോധിക്കണമെന്നും ലാലു ആവശ്യപ്പെട്ടു. നിലവില്‍ അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലു റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  

 

 

Latest News