കൊച്ചി-മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്റെയും നേതൃത്വത്തിൽ കൊച്ചി മെട്രോയിൽ യു.ഡി.എഫിന്റെ ജനകീയ മെട്രോ യാത്ര. ആയിരങ്ങളാണ് ഉമ്മൻ ചാണ്ടിയോടൊപ്പം ജനകീയ യാത്രയിൽ പങ്ക് ചേരാൻ ആലവ സ്റ്റേഷനിലെത്തിയത്. പ്രവർത്തകരുടെ തള്ളിക്കയറ്റം മൂലം പൂരപ്പറമ്പ് പോലെയായ ആലുവ സ്‌റ്റേഷനിൽനിന്ന് ഉമ്മൻ ചാണ്ടിക്ക് ആദ്യ ട്രെയിൻ മിസ്സായി. ആലുവ മെട്രോ സ്‌റ്റേഷനിൽ നിന്ന് ടിക്കറ്റെടുത്ത് പാലാരിവട്ടത്തേക്കാണ് നേതാക്കൾ യാത്ര നടത്തിയത്.
അണികളും കോൺഗ്രസ് നേതാക്കളും ചേർന്ന് സൃഷ്ടിച്ച ആൾകൂട്ടത്തിന് നടുവിലൂടെ് ഏറെ പണിപ്പെട്ടാണ് ഉമ്മൻ ചാണ്ടിയ സ്റ്റേഷനിലുള്ള പ്ലാറ്റ്‌ഫോമിൽ എത്തിച്ചത്. മെട്രോ യാത്രക്കെത്തിയ സാധാരണക്കാർക്കൊപ്പം നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ കൂടി കയറിയതോടെ ആലുവ സ്‌റ്റേഷൻ നിറഞ്ഞു കവിഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ നന്നേ പണിപ്പെട്ടു.
നേതാക്കൾ ഒരുമിച്ച് ഒരു ബോഗിയിൽ കയറാനായിരുന്നു പദ്ധതിയെങ്കിലും തരക്ക് മൂലം ഉമ്മൻ ചാണ്ടിക്ക് ആദ്യ ട്രെയിനിൽ കയറാനായില്ല. രമേശ് ചെന്നിത്തല അടക്കമുള്ളവർ ആദ്യ ട്രെയിനിൽ പാലാരിവട്ടത്തേക്ക് തിരിച്ചു. പിന്നീടാണ് ഉമ്മൻ ചാണ്ടി കയറിയിട്ടില്ലെന്ന വിവരം നേതാക്കൾ അറിഞ്ഞത്. ചെന്നിത്തല അടക്കമുള്ള നേതാക്കൾ യാത്ര തുടർന്നെങ്കിലും ഷാഫി പറമ്പിൽ എം.എൽ.എ അടക്കമുള്ളവർ തൊട്ടടുത്ത സ്റ്റേഷനുകളിൽ ഇറങ്ങി. എം.എൽ.എ അൻവർ സാദത്ത്, ഹൈബി ഈഡൻ എന്നിവർക്കൊപ്പം ഉമ്മൻ ചാണ്ടി തൊട്ടടത്ത ട്രെയിനിൽ യാത്ര ചെയ്തു.
പാലാരിവട്ടം സ്റ്റേഷനിൽ ഉമ്മൻ ചാണ്ടി എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും തീർത്ത ക്രമീകരണങ്ങളൊക്കെ പാളിയതോടെ സ്‌റ്റേഷന്റെ പ്രവർത്തനം കുറച്ചു നേരം നിർത്തിവെച്ചു. യാത്രക്കാർക്കും പ്രവർത്തകർക്കും ഇടയിലൂടെ ഏറെ പണിപ്പെട്ടാണ് ഉമ്മൻ ചാണ്ടിയെ സ്റ്റേഷന് പുറത്തെത്തിച്ചത്. കൊച്ചിക്കാരുടെ കൂട്ടായ്മയുടെ വിജയമാണ് മെട്രോയെന്നും ഒന്നിച്ചു നിന്നാൽ ഏത് വൻകിട പദ്ധതിയും സാധ്യമാക്കാം എന്നതാണ് മെട്രോ തെളിയിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മെട്രോ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നില്ല.