ന്യൂദല്‍ഹി-സ്വിസ് ബാങ്കിലെ കള്ളപ്പണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുന്നതിന് മുന്നോടിയായി 11 ഇന്ത്യാക്കാര്‍ക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. വിവരങ്ങള്‍ കൈമാറുന്നതിന് എന്തെങ്കിലും എതിര്‍പ്പുകളുണ്ടെങ്കില്‍ നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് ആവശ്യം. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്‌സ് അഡ്മിനിനിസ്‌ട്രേഷന്‍ വിഭാഗമാണ് മേയ് 21ന് നോട്ടിസ് അയച്ചിരിക്കുന്നത്.
കൃഷ്ണ ഭഗവാന്‍ രാമചന്ദ് (മേയ് 1949), കല്‍പേഷ് ഹര്‍ഷദ് കിനാരിവാല (സെപ്തംബര്‍ 1972) എന്നിവരുടേത് ഒഴികെ മറ്റ് പേരുകളൊന്നും തന്നെ അധികൃതര്‍ പരസ്യമാക്കിയിട്ടില്ല. ബാക്കിയുള്ളവരുടെ പേരിന്റെ ആദ്യ മൂന്ന് അക്ഷരവും ജനനത്തീയതിയും മാത്രമാണ് പരസ്യമാക്കിയിരിക്കുന്നത്. എ.എസ്.ബി.കെ (നവംബര്‍ 24, 1944), എ.ബി.കെ.ഐ (ജുലൈ 9, 1944), പി.എ.എസ്(നവംബര്‍ 2, 1983), ആര്‍.എ.എസ് (നവംബര്‍ 22,1973), എ.പി.എസ് (നവംബര്‍ 27, 1944), എ.ഡി.എസ് (ഓഗസ്റ്റ് 14, 1949), എം.എല്‍.എ (മേയ് 20, 1935), എന്‍.എം.എ (ഫെബ്രുവരി 21, 1968), എം.എം.എ (ജൂണ്‍ 27, 1973) എന്നിങ്ങനെയാണ് പേരുകള്‍. 30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം കാരണം കാണിച്ചില്ലെങ്കില്‍ എല്ലാ സാമ്പത്തിക വിവരങ്ങളും ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുമെന്നും നോട്ടീസില്‍ പറയുന്നു.
സ്വിസ് ബാങ്കിലെ കള്ളപ്പണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ തേടി ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ ഭരണപരമായ സഹായം നല്‍കാന്‍ തയാറാണെന്ന് സ്വിസ് ഫെഡറല്‍ ടാക്‌സ് വിഭാഗത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം ഇന്ത്യ ഇവരുടെ എന്തൊക്കെ വിവരങ്ങളാണ് തേടിയതെന്നും അതില്‍ ഏതൊക്കെ കൈമാറുമെന്നും വ്യക്തമായിട്ടില്ല.നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ സ്വിസ് ബാങ്കുകള്‍ വീണ്ടും ശ്രമം നടത്തുന്നതിനിടെയാണ് പുതിയ നീക്കം. ഇതിനോടകം തന്നെ 25 പേര്‍ക്ക് സ്വിസ് ബാങ്ക് നോട്ടീസ് അയച്ചതായാണ് വിവരം.