പത്തനംതിട്ട- ശബരിമലയില്‍ വഴിപാടായി കിട്ടിയ 40 കിലോ സ്വര്‍ണവും നൂറ് കിലോയിലേറെ വെള്ളിയും എവിടെ എന്നറിയാന്‍ ഇന്ന് സ്‌ട്രോംങ്ങ് റൂം തുറന്ന് പരിശോധിക്കും. 2017 മുതല്‍ വഴിപാടായി ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്ത സാഹചര്യത്തിലാണ് പരിശോധന.
ഹൈക്കോടതി ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുക. രാവിലെ പത്തനംതിട്ടയിലെ ദേവസ്വം ഓഫീസിലും ഓഡിറ്റിംഗ് സംഘം പരിശോധന നടത്തും.
ശബരിമലയില്‍ കാണിയക്കായി സ്വര്‍ണവും വെള്ളിയും സമര്‍പ്പിക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് മൂന്ന് രസീതുകള്‍ നല്‍കാറുണ്ട്. അതിന് ശേഷം ഈ വിവരങ്ങള്‍ ശബരിമലയുടെ 4 എ രജിസ്റ്ററില്‍ രേഖപ്പെടുത്തും പിന്നീട് ഈ വസ്തുക്കള്‍ സ്‌ട്രോഗ് റൂമിലേക്ക് മാറ്റുമ്പോള്‍ റജിസ്റ്ററിന്റെ എട്ടാം നമ്പര്‍ കോളത്തില്‍ രേഖപ്പെടുത്തും, എന്നാല്‍ 40 കിലോ സ്വര്‍ണത്തിന്റെയും നൂറ് കിലോയിലെറെ വെള്ളിയുടെയും വിവരങ്ങള്‍ രജിസ്റ്ററില്‍ ഇല്ല.
സ്വര്‍ണം നഷ്ടമായിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥനാണ് അനാവശ്യവിവാദത്തിന് പിന്നിലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു.