ഇസ്ലാമാബാദ്- സിന്ധ് പ്രവിശ്യയിലെ റാറ്റോ ദെറോ പട്ടണത്തില്‍ കുട്ടികളടക്കം 600-ലേറെ പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചതായി പാക്കിസ്ഥാന്‍ അധികൃതര്‍ വെളിപ്പെടുത്തി. ലര്‍കാന ജില്ലയില്‍ പെടുന്ന പട്ടണത്തിലെ ഒരു ഡോക്ടര്‍ അണുബാധയുള്ള സിറിഞ്ച് ഉപയോഗിച്ചതാണ് കാരണമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്.
681 പേര്‍ക്ക് എയ്ഡസ് ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതെന്നും ഇവരില്‍ 537 പേരും രണ്ട് മുതല്‍ 12 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികളാണന്നും പ്രത്യേക ആരോഗ്യ ഉപദേഷ്ടാവ് സഫര്‍ മിര്‍സ ഇസ്‌ലാമാബാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റാറ്റോ ദെറോ പട്ടണത്തില്‍ 21,375 പേര്‍ക്കാണ് ഇതിനകം പരിശോധന നടത്തിയത്. എച്ച്.ഐ.വി പോസിറ്റീവായി കണ്ടെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് സര്‍ക്കാരിനു മുന്നില്‍ വലിയ വെല്ലുവിളിയായിരിക്കയാണെന്ന് സഫര്‍ മിര്‍സ പറഞ്ഞു. സുരക്ഷിതമല്ലാത്ത സറിഞ്ചുകള്‍ ഉപയോഗിച്ചതാകാം കാരണമെങ്കിലും യഥാര്‍ഥ കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാരണം കണ്ടെത്തുന്നതോടെ രോഗം തടയാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നടപടികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഗത്തെ കുറിച്ചോ ചികിത്സയെ കുറിച്ചോ അറിവില്ലാത്തവരും ചികിത്സക്ക് സൗകര്യമില്ലാത്തവരുമായ ഗ്രാമീണരുടെ മുന്നിലാണ് എയിഡ്‌സ് വ്യാപനം വലിയ ചോദ്യചിഹ്‌നമായിരിക്കുന്നത്.
2017 ല്‍ മാത്രം 20,000 പുതിയ എച്ച് .ഐ.വി ബാധിതരെ കണ്ടെത്തിയ പാക്കിസ്ഥാനാണ് ഏഷ്യയില്‍ അതിവേഗം എയ്ഡസ് പരക്കുന്ന രാജ്യമെന്ന് യു.എന്‍ കണക്കാക്കുന്നു.