ന്യൂദല്‍ഹി- കേരള, തമിഴ്‌നാട് പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും സഖ്യകക്ഷികള്‍ കാരണമാണ് ഇവിടങ്ങളില്‍ രക്ഷപ്പെട്ടതെന്നും പ്രശസ്ത പത്രപ്രവര്‍ത്തകനും മുന്‍മന്ത്രിയുമായ എം.ജെ. അക്ബര്‍.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി നേടിയ വിജയത്തിന് മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ഓപ്പണ്‍ മാഗസനില്‍ എഴുതയ ലേഖനത്തല്‍ അക്ബര്‍ വിലയിരുത്തുന്നു. പാര്‍ട്ടിയുടെ ദീര്‍ഘകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് പ്രസിഡന്റ് മുസ്്‌ലിം ലീഗില്‍നിന്ന് വോട്ട് യാചിച്ചത്.
അടുത്ത അഞ്ച് വര്‍ഷം ധാരാളം രാഷ്ട്രീയ അവസരങ്ങള്‍ തുറക്കുമെങ്കിലും രാഹുല്‍ ഗാന്ധിയെ ആജീവനാന്ത പ്രസിഡന്റായി നിലനിര്‍ത്തുകയാണെങ്കില്‍ കോണ്‍ഗ്രസിന് അതില്‍നിന്ന് മുതലെടുക്കാനാവില്ല. ബി.ജെ.പിയും പ്രാദേശിക പാര്‍ട്ടികളും തമ്മിലായിരിക്കും മത്സരം. തീരത്ത് എത്തുന്നതുവരെ ഇക്കുറി തരംഗം പലരും കണ്ടിരുന്നില്ല. സുനാമി വരികയാണെന്ന് ഒരിക്കലും വിശ്വസിക്കാത്തവരാണ് മുങ്ങിത്താണത്.
പ്രിയങ്ക ഗാന്ധി നരേന്ദ്ര മോഡിക്കുള്ള മറുപടി ആയിരുന്നില്ല. രാഹുല്‍ഗാന്ധിയുടെ പകരക്കാരി മാത്രമാകാനാണ് അവര്‍ക്ക് സാധിച്ചത്. ക്യാമറകള്‍ ഒപ്പിയെടുത്ത രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കല്‍ അപക്വതയുടെ പ്രതിഛായ ആയിരുന്നു. കുട്ടിത്തം മാറാത്ത പെരുമാറ്റം അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനു പറ്റുന്നയാളല്ലെന്ന നിഗമനം ശരിവെച്ചു. ഒരു കാലത്ത് നക്ഷത്രധൂളി വിതറിയിരുന്ന കുടംബം ഈര്‍ച്ചപ്പൊടി വിതറുന്നതായി മാറിയെന്ന് മോഡിയുടെ വിജയത്തേയും കുടുംബ വാഴ്ച എങ്ങനെ കോണ്‍ഗ്രസിനെ തകര്‍ത്തുവെന്നും വിലയിരുത്തുന്ന ലേഖനത്തില്‍ പറയുന്നു.