ചെന്നൈ- തമിഴ്‌നാട്ടില്‍ തൂത്തുവാരിയ വിജയം കൊയ്തതിനു പിന്നാലെ കേന്ദ്രത്തില്‍ വീണ്ടും ഭരണം പിടിച്ച ബിജെപിക്ക് ശക്തമായ സന്ദേശവുമായി ദ്രാവിഡ് മുന്നേട്ര കഴകം (ഡി.എം.കെ). വരാനിരിക്കുന്ന സൃഷ്ടിപരമായ രാഷ്ട്രീയത്തിന്റെ നാളുകളാണെന്നും ഇന്ത്യ എന്നാല്‍ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമായിരുന്ന കാലമൊക്കെ പോയെന്നും ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് നടന്ന 38-ല്‍ 37 സീറ്റും ഡിഎംകെ സഖ്യം തൂത്തുവാരിയിരുന്നു. വോട്ടിനു പണം ആരോപണത്തെ തുടര്‍ന്ന് വെല്ലൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു.
സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുള്ള സൃഷ്ടിപരമായ രാഷ്ട്രീയത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. ഒരു സംസ്ഥാനത്തേയും അവഗണിച്ച് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ല. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമാണ് ഇന്ത്യ എന്ന ധാരണയുടെ കാലം കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളേയും കൂടെകൂട്ടി വേണം മുന്നോട്ടു പോകാന്‍- സ്റ്റാലിന്‍ പറഞ്ഞു.
സംസ്ഥാനത്ത് മികച്ച മുന്നേറ്റമുണ്ടാക്കിയെങ്കിലും കേന്ദ്രത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് അത് ഗുണം ചെയ്തില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന. കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരം ലഭിക്കാതെ വന്നതോടെ കേന്ദ്രത്തിലും സംസ്ഥാനത്തും എതിരാളികള്‍ നയിക്കുന്ന സര്‍ക്കാരിനോടാണ് ഡിഎംകെയ്ക്ക് ഏറ്റുമുട്ടാനുള്ളത്.