ന്യൂദല്‍ഹി- ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടന്ന ആന്ധ്ര പ്രദേശില്‍ രണ്ടിലും തൂത്തൂവാരിയ വിജയം നേടിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് നിയുക്ത മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ജഗന്‍ മോഡിയെ ക്ഷണിച്ചതായും അറിയുന്നു. വൈഎസആര്‍ കോണ്‍ഗ്രസ് നേതാക്കളായ വി വിജയ് സായ് റെഡ്ഢി അടക്കമുള്ള പാര്‍ട്ടി നേതാക്കളും ജഗനൊപ്പം ഉണ്ടായിരുന്നു. ജഗന്‍ മോഡിയെ ഷാള്‍ അണിയിച്ചു. വിജയാശംസകള്‍ അറിയിച്ച് പൂച്ചെണ്ടും കൈമാറി. പ്രധാനമന്ത്രിയായി മോഡിയും ആന്ധ്ര മുഖ്യമന്ത്രിയായ ജഗനും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപോര്‍ട്ട്.
തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ബിജെപി ഒരിക്കലും ജഗന്‍ തുറന്നെതിര്‍ത്തിരുന്നില്ല. അതേസമയം ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നത് ആരായാലും അവര്‍ക്ക് പിന്തുണ നല്‍കുമെന്നാണ് ജഗന്റെ നിലപാട്. ഈ ആവശ്യമുന്നയിച്ച് ജഗന്‍ നടത്തിയ പ്രതിഷേധങ്ങളും സമരങ്ങളുമാണ് മുന്‍ മുഖ്യമന്ത്രി ടിഡിപിയുടെ ചന്ദ്രബാബു നായിഡുവിനെ എന്‍ഡിഎ സഖ്യം വിടാന്‍ നിര്‍ബന്ധിതനാക്കിയത്. ഇത്തവണ ബിജെപി ജഗന് ഈ ഉറപ്പ് നല്‍കി വൈഎസ്ആര്‍ കോണ്‍ഗ്രസിനെ കൂടെ നിര്‍ത്തുമെന്നാണ് സൂചന. ഇതിനുള്ള നീക്കങ്ങള്‍ ബിജെപി നേരത്തെ തന്നെ തുടങ്ങിവച്ചിരുന്നു. ഇങ്ങനെ വന്നാല്‍ എന്‍ഡിഎ സഖ്യത്തിന് 353 എംപിമാര്‍ക്കു പുറമെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 22 എംപിമാരുടെ കൂടി പിന്തുണ ലഭിക്കും.
ആന്ധ്രയിലെ 176 നിയമസഭാ മണ്ഡലങ്ങളില്‍ 151 സീറ്റുകളും സ്വന്തമാക്കിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചത്. പാര്‍ട്ടി രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് അധികാരം ലഭിക്കുന്നത്.
Delhi: YSRCP chief Jaganmohan Reddy met Prime Minister Narendra Modi today. V Vijaya Sai Reddy and other leaders of YSRCP were also present. pic.twitter.com/227596XZEx
— ANI (@ANI) May 26, 2019