Sorry, you need to enable JavaScript to visit this website.

പരവതാനി, പുഷ്പാർച്ചന, പരേഡ്; കളിക്കാരെ വാഴ്ത്തി പാക്കിസ്ഥാൻ

സർഫറാസ് അഹമ്മദിന്റെ വീടിനു മുന്നിൽ ജനക്കൂട്ടം
കളിക്കാരുടെ കാർ വളയുന്ന ആരാധക വൃന്ദം

ഇസ്‌ലാമാബാദ് - അപ്രതീക്ഷിതമായി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ജേതാക്കളായ പാക്കിസ്ഥാൻ ടീമിലെ പത്തു പേർ നാല് പാക്കിസ്ഥാനി നഗരങ്ങളിൽ വീരോചിത വരവേൽപിലേക്ക് വിമാനമിറങ്ങി. വിമാനത്താവളത്തിലും വഴിയോരങ്ങളിലും വീടുകൾക്കു മുന്നിലും ആയിരക്കണക്കിനാളുകളാണ് അവരെ കാത്തുനിന്നത്. കിരീട പ്രതീക്ഷകളായ ഇന്ത്യയെ 180 റൺസിന് തകർത്താണ് പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ഉയർത്തിയത്. ഐ.സി.സി ഫൈനലുകളിലെ ഏറ്റവും വലിയ വിജയമാണ് ഇത്. 
അഞ്ച് കളിക്കാർ ഇംഗ്ലണ്ടിൽ തന്നെ തങ്ങുകയാണ് -മുഹമ്മദ് ആമിർ, ജുനൈദ് ഖാൻ, മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്, അസ്ഹർഅലി എന്നിവർ. ടൂർണമെന്റിലെ മികച്ച താരം ഹസൻഅലിയെ ലാഹോറിൽ പഞ്ചാബ് ഗവൺമെന്റ് ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ബാറ്റ്‌സ്മാൻ ബാബർ അഅ്‌സമും ഫഹീം അശ്‌റഫും അഹ്മദ് ശഹ്‌സാദും കൂടെയുണ്ടായിരുന്നു. 
ക്യാപ്റ്റൻ സർഫറാസ് അഹ്മദിനെ സ്വീകരിക്കാൻ കറാച്ചിയിൽ നഗരത്തിന്റെ മേയർ തന്നെ എത്തി. സിന്ധ് സ്‌പോർട്‌സ് മന്ത്രി ക്യാപ്റ്റനെ പരമ്പരാഗത സിന്ധിത്തൊപ്പിയും ഷാളുമണിയിച്ച് സ്വീകരിച്ചു. സ്വന്തം നാട്ടിലും സർഫറാസിന് ഗംഭീര വരവേൽപായിരുന്നു. നൂറു കണക്കിനാളുകളാണ് വീടിനു മുന്നിൽ തടിച്ചു കൂടിയത്. അവർ 70 അടി നീളമുള്ള പടുകൂറ്റൻ പാക്കിസ്ഥാൻ പതാക വീടിനു മുന്നിൽ ഉയർത്തി. പുലർച്ചെ നാലേ മുക്കാലിനാണ് ക്യാപ്റ്റൻ വിമാനമിറങ്ങിയത്. 
ആരാധകർ ഫോട്ടോയെടുക്കാൻ മത്സരിച്ചതോടെ, വിമാനത്താവളത്തിനടുത്തുള്ള വീട്ടിലെത്താൻ സർഫറാസിന് അര മണിക്കൂർ വേണ്ടി വന്നു. തെരുവുകൾ അലങ്കരിച്ച് രാത്രി മുഴുവൻ ക്യാപ്റ്റനെ കാത്തുനിൽക്കുകയായിരുന്നു അവർ. 
ട്രോഫിയുമായി ബാൽക്കണിയിൽ സർഫറാസ് പ്രത്യക്ഷപ്പെട്ടപ്പോൾ പാക്കിസ്ഥാൻ സിന്ദാബാദ് വിളികളുമായി കാണികൾ ആർത്തിരമ്പി. 
മൂന്നു പുതുമുഖങ്ങളിലൊരാളായ പെയ്‌സ്ബൗളർ റുമ്മാൻ റഈസും കറാച്ചിയിലാണ് വിമാനമിറങ്ങിയത്. പതിനെട്ടുകാരൻ ലെഗ്‌സ്പിന്നർ ശാദബ് ഖാനും ഇടങ്കൈയൻ സ്പിന്നർ ഓൾറൗണ്ടർ ഇമാദ് വസീമും ഇസ്‌ലാമാബാദിലാണ് എത്തിയത്. ഇരുവരും റാവൽപിണ്ടി സ്വദേശികളാണ്. ഒരു മത്സരത്തിലും അവസരം കിട്ടാതിരുന്ന ബാറ്റ്‌സ്മാൻ ഹാരിസ് സുഹൈൽ സിയാൽകോട്ടിൽ തിരിച്ചെത്തി. ഫൈനലിലെ സെഞ്ചുറിയോടെ മാൻ ഓഫ് ദ മാച്ചായ ഓപണർ ഫഖർ സമാൻ പെഷാവറിൽ കുടുംബത്തോടൊപ്പം ചേർന്നു. കുടുംബത്തോടൊപ്പം പിന്നീട് മർദാനിലെ കറ്റ്‌ലാംഗിലെ സ്വന്തം ഗ്രാമത്തിലേക്കു മടങ്ങി. 
ലാഹോർ വിമാനത്താവളത്തിൽ പുലർച്ചെ മുതൽ ആരാധകരുടെ പ്രവാഹമായിരുന്നു. 'ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്, ടീം പാക്കിസ്ഥാൻ' എന്ന അതിഭീമൻ ബാനർ അല്ലാമാ ഇഖ്ബാൽ വിമാനത്താവളത്തിൽ ഉയർത്തിയിരുന്നു. അറൈവൽ ലോഞ്ച് പോലീസിന് കൊട്ടിയടക്കേണ്ടി വന്നു. 
പഞ്ചാബ് മുഖ്യമന്ത്രി ശഹ്ബാസ് ശരീഫ് വിമാനത്താവളത്തിലെത്തി കളിക്കാരെ സ്വീകരിക്കേണ്ടതായിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നുവെന്നും ജിയൊ ടി.വി റിപ്പോർട്ട് ചെയ്തു. ഹസൻ അലി സഞ്ചരിച്ച വിമാനം 40 മിനിറ്റ് വൈകിയാണ് ഇറങ്ങിയത്. കളിക്കാരെ പൂവുകൾ വിതറിയാണ് സ്വീകരിച്ചത്. ലാഹോർ പോലീസ് ബാന്റ് അവർക്ക് ഗാർഡ് ഓഫ് ഓണർ നൽകി.  
പാക് ക്രിക്കറ്റ് ബോർഡ് കളിക്കാരെ സ്വീകരിക്കാൻ പ്രത്യേക സംവിധാനമൊരുക്കിയില്ലെന്നത് അദ്ഭുതമായി. എങ്കിലും അതൊന്നും ആരും ശ്രദ്ധിച്ചില്ല. ഗുജ്‌റൻവാലയിൽനിന്ന് ഹസൻഅലിയുടെ ഗ്രാമമായ ലഡേവാല വറായിഷിലേക്ക് ആരാധകരുടെ വൻ റാലിയായിരുന്നു. ബാബർ അഅ്‌സമിന്റെ യാത്രയിലുടനീളം കാറിൽ പുഷ്പാർച്ചനയായിരുന്നു. 

 

 

 


 

Latest News