ലഖ്‌നൗ- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി ബിജെപിയുടെ സ്മൃതി ഇറാനി ജയിച്ച അമേഠിയില്‍ ബിജെപിക്കു വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിക്കു ശേഷം വീട്ടിലെത്തിയ അജ്ഞാത ആക്രമികളാണ് ബറോലിയയിലെ മുന്‍ ഗ്രാമമുഖ്യനായിരുന്ന സുരേന്ദ്ര സിങിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഇറാനിയുമായി അടുപ്പമുള്ള നേതാവായാണ് സുരേന്ദ്ര സിങ് അറിയപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ ഇദ്ധേഹത്തെ ലഖ്‌നൗവിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പിടികൂടി ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സുരേന്ദ്ര സിങ് ആക്രമണത്തിനിരയായതെന്ന് അമേഠി എസ്.പി പറഞ്ഞു. മുന്‍ വൈരാഗ്യമോ രാഷ്്ട്രീയ തര്‍ക്കമോ ആകാം കാരണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബറോലിയയില്‍ വിവാദമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ അവഹേളിക്കാന്‍ സ്മൃതി ഇറാനി ഇവിടെ ഷൂകള്‍ വിതരണം ചെയ്‌തെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. ഇറാനിയുമായി ഏറെ അടുപ്പമുള്ള സുരേന്ദ്ര സിങും ഈ ഷൂ വിതരണത്തില്‍ പങ്കാളിയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായി അമേഠിയില്‍ രാഹുലിന്റെ പരാജയം കോണ്‍ഗ്രസിന് വലിയ നാണക്കേടായിട്ടുണ്ട്. 2004 മുതല്‍ തുടര്‍ച്ചായായി ഇവിടെ നിന്നും ജയിച്ചുവന്ന രാഹുല്‍ ഇത്തവണ 55,120 വോട്ടുകള്‍ക്കാണ് ഇറാനിയോട് പരാജയപ്പെട്ടത്. 2014-ല്‍ ഇറാനിയെ രാഹുല്‍ 1,07,903 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചിരുന്നത്.