ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രാജി സന്നദ്ധത അറിയിച്ച പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏതാനും മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചു. ഇവര്‍ പാര്‍ട്ടി താല്‍പര്യത്തേക്കാള്‍ മക്കളുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയതെന്നായിരുന്നു വിമര്‍ശം.
കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ നിര്‍ദേശിച്ചപ്പോഴായിരുന്നു രാഹുലിന്റെ പരാമര്‍ശമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പ്രകടനം മോശമായ കാര്യം രാഹുല്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ വാശി പിടിച്ചതായി രാഹുല്‍ പറഞ്ഞു. ഇവരുടെ അഭ്യര്‍ഥന സ്വീകരിക്കാന്‍ താന്‍ ഒരുക്കമല്ലായിരുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സന്ദര്‍ഭത്തില്‍ മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ പേരും രാഹുല്‍ പറഞ്ഞു.
നരേന്ദ്ര മോഡിക്കെതിരെ താന്‍ ആരംഭിച്ച പ്രചാരണം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ മുന്നോട്ടുവന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റഫാല്‍ ഇടപാടും ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പ്രചാരണവും ഏറ്റുപിടിക്കാന്‍ തയാറയവര്‍ കൈ പൊക്കാന്‍ പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ആവശ്യപ്പെട്ടു.
സംഘനടയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം വേണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം രാജിവെക്കുകയാണെന്ന് അറിയിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയെ മികച്ച രീതിയില്‍ നയിച്ച രാഹുല്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് മുതിര്‍ന്ന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ വികാരാധീനരായി പറയുകയായിരുന്നു.