റിയാദ്- സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ 30 ഫന്നി (ടെക്‌നീഷ്യന്‍) പ്രൊഫഷനുകളിലുള്ള ഇഖാമകള്‍ പുതുക്കാന്‍ തടസ്സം നേരിട്ടു തുടങ്ങി. ഫീസും ലെവിയും അടച്ച ശേഷം അബ്ശിര്‍ അല്ലെങ്കില്‍ മുഖീം സിസ്റ്റം വഴി ഇത്തരം ഇഖാമ പുതുക്കാന്‍ ശ്രമിക്കുമ്പോഴാണ് എഞ്ചിനീയറിംഗ് കൗണ്‍സില്‍ അംഗത്വമില്ലാത്തതിനാല്‍ പുതുക്കാന്‍ സാധിക്കില്ലെന്ന സന്ദേശമെത്തുന്നത്. ഇതോടെ പലരും ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്.
സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ ഇല്ലെങ്കിലും ഫന്നി പ്രൊഫഷന്‍കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ തടസ്സമില്ലെന്ന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയറിംഗ് അറിയിച്ചു. ഈ പ്രൊഫഷനുകള്‍ ജവാസാത്തുമായി ലിങ്ക് ചെയ്തതിനാല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുള്ളവരും ഇല്ലാത്തവരും നിശ്ചിത ഫീസടച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും അല്ലെങ്കില്‍ ഇഖാമ പുതുക്കാന്‍ സാധിക്കില്ലെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കുന്നു. പക്ഷേ കാലാവധിയുടെ അവസാനനാളുകളില്‍ ഇഖാമ പുതുക്കാന്‍ ശ്രമിച്ച് പ്രതിസന്ധിയിലായ പലരും രജിസ്‌ട്രേഷനെ കുറിച്ചുള്ള അജ്ഞത കാരണം പ്രൊഫഷന്‍ മാറ്റാനുള്ള നടപടികളിലേക്കാണ് നീങ്ങുന്നത്. സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള പ്രൊഫഷനുകളിലേക്ക് പെട്ടെന്ന് ഇഖാമ മാറ്റാന്‍ സാധിക്കാത്തതിനാല്‍ പുതുക്കാന്‍ വൈകിയതിനുള്ള പിഴയും അടക്കേണ്ടതായി വരുന്നുണ്ട്.
ഡിപ്ലോമ സര്‍ട്ടിഫിക്കറ്റില്ലാത്ത ടെക്‌നീഷ്യന്‍മാര്‍ക്ക് നേരത്തെ ജോലി ചെയ്തിരുന്ന കമ്പനികളില്‍ നിന്നുള്ള എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വ്യക്തിയെ പരിചയപ്പെടുത്തുന്ന ലെറ്റര്‍ ( ചേംബര്‍ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തണം) ഇഖാമയുടെയും പാസ്‌പോര്‍ട്ടിന്റെയും കോപ്പി, ഫോട്ടോ എന്നിവയാണ് രജിസ്‌ട്രേഷന്‍ സമയത്ത് ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റുള്ളവര്‍ അവരുടെ അറ്റസ്റ്റ് ചെയ്ത സര്‍ട്ടഫിക്കറ്റിന്റെ കോപ്പിയും സത്യവാങ്മൂലവും അറ്റാച്ച് ചെയ്യണം. ആവശ്യമായ രേഖകള്‍ രജിസ്‌ട്രേഷന്‍ സമയത്ത് ചോദിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 500 റിയാലും ഒരു വര്‍ഷത്തേക്കുള്ള അംഗത്വ ഫീസ് 200 ലും അടക്കം 700 റിയാല്‍ ഓണ്‍ലൈന്‍ വഴി അടക്കണം. അപേക്ഷ സ്വീകരിച്ചിട്ടില്ലെങ്കില്‍ 500 റിയാല്‍ തിരികെ ലഭിക്കില്ല.
കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് എഞ്ചിനീയര്‍മാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പ്രത്യേക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ തന്നെ ടെക്‌നീഷ്യന്‍മാരെ സര്‍ട്ടിഫിക്കറ്റുള്ളവരും അല്ലാത്തവരും എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഇഖാമ നമ്പറും മൊബൈല്‍ നമ്പറുമടക്കമുള്ള വിവരങ്ങള്‍ ചേര്‍ത്തുകഴിഞ്ഞ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ 500 റിയാല്‍ സദാദ് വഴി അടക്കാനുള്ള സന്ദേശം മൊബൈല്‍ നമ്പറില്‍ എത്തും. ഈ ഫീസ് ലഭിച്ച ശേഷമാണ് കൗണ്‍സില്‍ നേരത്തെ അറ്റാച്ച് ചെയ്ത രേഖകള്‍ പരിശോധിക്കുക. രേഖകളും വ്യക്തിവിവരങ്ങളും സ്വീകാര്യമായാല്‍ അംഗത്വ ഫീസായ 200 റിയാല്‍ അടക്കുന്നതിനുള്ള സന്ദേശമെത്തും. ശേഷം ഈ അംഗത്വ നമ്പര്‍ ഉപയോഗിച്ച് ഇഖാമ പുതുക്കാവുന്നതാണ്. അതിന് ശേഷം ഒറിജിനല്‍ സര്‍ട്ടഫിക്കറ്റ് സമര്‍പ്പിക്കുകയും അതിന്റെ കൃത്യത കൗണ്‍സില്‍ ഉറപ്പുവരുത്തുകയും ചെയ്യും. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സര്‍ട്ടിഫിക്കറ്റ് കൗണ്‍സിലിന്റെ മെമ്പര്‍ഷിപ്പ് കാര്‍ഡിനൊപ്പം തിരിച്ചുലഭിക്കും.
കുടുംബങ്ങള്‍ക്ക് വിസയും സന്ദര്‍ശന വിസയും ലഭിക്കുന്നതിന് നിരവധി വിദേശികള്‍ ഇത്തരം ടെക്‌നീഷ്യന്‍ പ്രൊഫഷനുകളാണ് തെരഞ്ഞെടുത്തിരുന്നത്. നേരത്തെ പ്രൊഫഷന്‍ മാറ്റ സമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ലാത്തതിനാല്‍ സാധാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൊഫഷന്‍ മാറ്റാനും സാധിച്ചിരുന്നു. ഇത് കാരണം നിരവധി പേര്‍ ഫന്നി പ്രൊഫഷനുകളിലാണിപ്പോഴുള്ളത്. അതേസമയം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയ 56 പ്രൊഫഷനുകളിലുള്ളവര്‍ കൗണ്‍സില്‍ ഓഫ് എഞ്ചിനീയറിംഗില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാനാകും.
ഇലക്ട്രിക്കല്‍ ഡ്രാഫ്റ്റ്‌സ്മാന്‍, മെക്കാനിക്കല്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്ട്രോണിക് ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്ട്രിക്കല്‍ ഡിസൈന്‍ ഡ്രാഫ്റ്റ്‌സ്മാന്‍, പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍, പവര്‍സ്റ്റേഷന്‍ ഓപ്പറേഷന്‍സ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, സബ്‌സ്റ്റേഷന്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍ ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍, സബ്‌സ്റ്റേഷന്‍ ഓപറേഷന്‍സ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ലൈന്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ഗ്രൗണ്ട് കാബിള്‍ ടെക്‌നീഷ്യന്‍, കസ്റ്റമര്‍ സര്‍വീസ് ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ എക്സ്റ്റന്‍ഷന്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ മെഷീന്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ പ്രിസിഷ്യന്‍ എക്വിപ്‌മെന്റ് ടെക്‌നീഷ്യന്‍, ജനറല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ടെക്‌നീഷ്യന്‍, ജനറല്‍ ടെലികോം ടെക്‌നീഷ്യന്‍, സമുദ്രജല ശുദ്ധീകരണ ശാലകളിലെ ഫയര്‍ അലാറം ടെക്‌നീഷ്യന്‍, എയര്‍ പ്ലെയിന്‍ ഇലക്ട്രിക്കല്‍ മോട്ടോര്‍ ജനറേറ്റര്‍ ടെക്‌നീഷ്യന്‍, കമ്യൂണിക്കേഷന്‍ ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍, മെഡിക്കല്‍ എക്വിപ്‌മെന്റ് ടെക്‌നീഷ്യന്‍, ടി.വി ഇലക്ട്രോണിക്‌സ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, കണ്‍ട്രോള്‍ എക്വിപ്‌മെന്റ് ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, റേഡിയോ ബ്രോഡ്കാസ്റ്റിംഗ് ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍, ടി.വി ബ്രോഡ്കാസ്റ്റിംഗ് ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍, കംപ്യൂട്ടര്‍ ടെക്‌നീഷ്യന്‍, ടെലികോം എഞ്ചിനീയറിംഗ് ടെക്‌നീഷ്യന്‍, ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍, ടെലിഫോണ്‍ ടെക്‌നീഷ്യന്‍, കാര്‍ ഫോണ്‍ ടെക്‌നീഷ്യന്‍ എന്നീ 30 ടെക്‌നീഷ്യന്‍ (ഫന്നി) പ്രൊഫഷനുകള്‍ക്കാണ് അടുത്തിടെ കൗണ്‍സില്‍ ഓഫ് എഞ്ചിനീയറിംഗിന്റെ അംഗീകാരം നിര്‍ബന്ധമാക്കിയത്.
നേരത്തെ 26 പ്രൊഫഷനുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഈ 56 പ്രൊഷനുകളുടെ വിവരങ്ങള്‍ കൗണ്‍സില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.