ലണ്ടൻ - ക്യാപ്റ്റൻ-കോച്ച് തർക്കം മൂർധന്യത്തിലെത്തി നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ അനിൽ കുംബ്ലെ തീർത്തും നാടകീയമായി രാജി സമർപ്പിച്ചു.
വെസ്റ്റിൻഡീസ് പര്യടനം വരെയെങ്കിലും കുംബ്ലെയെ നിലനിർത്താൻ സചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണുമടങ്ങുന്ന ഉപദേശക സമിതിയും ബി.സി.സി.ഐയും ശ്രമിച്ചിരുന്നു. എന്നാൽ കോഹ്‌ലി ഉറച്ചുനിന്നതോടെ തങ്ങളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി ഉപദേശക സമിതി ബി.സി.സി.ഐയെ അറിയിച്ചു.
തുടർന്ന് ക്യാപ്റ്റന് താങ്കളുമായി പ്രവർത്തിക്കാനാവില്ലെന്ന് ബി.സി.സി.ഐ തന്നെയാണ് കുംബ്ലെക്ക് സന്ദേശം കൈമാറിയത്. ഇതോടെ കുംബ്ലെക്ക് രാജി വെക്കുകയല്ലാതെ വഴിയില്ലാതായി. കുംബ്ലെ ഒഴിഞ്ഞത് ബി.സി.സി.ഐക്കും അനുഗ്രഹമായി.
കുംബ്ലെക്ക് കരാർ നീട്ടിക്കൊടുക്കണമെന്ന നിലപാടിലായിരുന്നു ബി.സി.സി.ഐയിലെ ഒരു വിഭാഗവും ബി.സി.സി.ഐയുടെ ഉപദേശക സമിതിയും. തന്റെ സേവനം പിൻവലിക്കുന്നതായി കുംബ്ലെ അറിയിച്ചുവെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. കുംബ്ലെയുടെ സേവനം മറ്റു മേഖലകളിൽ ആവശ്യമാണെന്നും നല്ല ഭാവി ആശംസിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ കളിക്കാർ കരീബിയയിലേക്കുള്ള വിമാനത്തിലായിരിക്കുമ്പോഴാണ് കോച്ചിന്റെ രാജി. ഒരു വർഷത്തോളം കോച്ചായിരുന്ന കുംബ്ലെ വൻ വിജയമായിരുന്നു. ടീം ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. തുടർച്ചയായി പരമ്പരകൾ നേടി. എന്നാൽ ഹെഡ്മാസ്റ്ററുടെ രീതിയിലുള്ള കാർക്കശ്യം കോഹ്‌ലിയെയും സീനിയർ കളിക്കാരെയും അകറ്റിയതായാണ് സൂചന. പുതിയ കോച്ചിനായി അപേക്ഷ ക്ഷണിച്ചപ്പോൾ കുംബ്ലെയെ സ്വമേധയാ വീണ്ടും പരിഗണിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. എന്നിട്ടും കുംബ്ലെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ക്യാപ്റ്റന്റെ ശക്തമായ എതിർപ്പ് കോച്ചിനെ രാജിവെക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. ബോർഡിന്റെ ക്രിക്കറ്റ് ഓപറേഷൻസ് ജനറൽ മാനേജർ എം.വി ശ്രീധറിനായിരിക്കും കരീബിയയിൽ ടീമിന്റെ ചുമതല.
വെസ്റ്റിൻഡീസിനെതിരായ നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരക്കായി ഇന്ത്യൻ ടീം കരീബിയയിലെത്തിയെങ്കിലും കോച്ച് ഇംഗ്ലണ്ടിൽ തന്നെ തങ്ങുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി ഫൈനലിന്റെ തലേന്ന് കോഹ്‌ലി ബി.സി.സി.ഐ ഉപദേശക സമിതിയംഗങ്ങളോട് കുംബ്ലെക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. കാർക്കശ്യത്തോടെ ടീമിനെ പരിശീലിപ്പിക്കുന്ന കുംബ്ലെയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കോഹ്‌ലി. തങ്ങൾ തമ്മിലുള്ള ബന്ധം ഒരുതരത്തിലും പരിഹരിക്കാനാവാത്ത അവസ്ഥയിലാണെന്നും ക്യാപ്റ്റൻ ഉപദേശക സമിതിയെ അറിയിച്ചു. എന്നാൽ വെസ്റ്റിൻഡീസ് പര്യടനത്തിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലായിരുന്നു ഉപദേശക സമിതി.
ഐ.സി.സി യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് കുംബ്ലെ ലണ്ടനിൽ തങ്ങിയതെന്നായിരുന്നു ആദ്യ വിശദീകരണം. ഐ.സി.സിയുടെ വാർഷിക യോഗം തിങ്കളാഴ്ച തുടങ്ങി, വെള്ളിയാഴ്ച വരെ നീളും. കുംബ്ലെയാണ് ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ. നാളെയാണ് കുംബ്ലെയുടെ കമ്മിറ്റിയുടെ യോഗം. വെള്ളിയാഴ്ച ഇന്ത്യൻ ടീം വെസ്റ്റിൻഡീസിനെതിരെ ആദ്യ ഏകദിനം കളിക്കുകയാണ്. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20 യുമാണ് പരമ്പരയിലുള്ളത്.
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലുടനീളം കുംബ്ലെയും കോഹ്‌ലിയും തമ്മിൽ ആശയവിനിമയമേ നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. പരിശീലന സെഷനുകളിൽ കുംബ്ലെ മിക്കപ്പോഴും ബൗളർമാരൊപ്പമായിരുന്നു ചെലവിട്ടത്.