കോണ്‍ഗ്രസിനെ മറികടന്ന് ആയുധ വില്‍പനക്ക് ട്രംപിന്റെ അടിയന്തര തീരുമാനം
വാഷിംഗ്ടണ്‍- മിഡില്‍ ഈസ്റ്റില്‍ ഇറാനുമായി സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആയുധ വില്‍പനക്ക് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. യു.എസ് കോണ്‍ഗ്രസ് തീരുമാനത്തിനു കാത്തുനില്‍ക്കാതെ ഫെഡറല്‍ നിയമത്തിലെ അടിയന്തര സാഹചര്യമെന്ന് അപൂര്‍വമായി ഉപയോഗിക്കാറുള്ള വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് നടപടികള്‍ മുന്നോട്ടു നീക്കിയത്. സൗദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്നത്.
ഇറാനുമായി തുടരുന്ന സംഘര്‍ഷം ദേശീയ അടിയന്തര സാഹചര്യത്തില്‍ എത്തിച്ചിരിക്കയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. ലക്ഷ്യം തെറ്റാതെ ബോംബ് വര്‍ഷിക്കാന്‍ സാധിക്കുന്ന ആയുധങ്ങളടക്കമുള്ളവയുടെ വില്‍പനക്ക് കോണ്‍ഗ്രസ് അനുമതി വേണമെന്ന് ചില ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു.
ആയുധ വില്‍പനക്കുള്ള ഭരണകൂടത്തിന്റെ തീരുമാനം വിദേശകാര്യ സെകട്ടറി മൈക്ക് പോംപിയോ കോണ്‍ഗ്രസിനെ അറിയിച്ചു. ഇറാന്റെ ആപല്‍ക്കരമായ നീക്കങ്ങളാണ് ഉടന്‍ ആയുധങ്ങള്‍ വില്‍ക്കാനുള്ള കാരണമെന്ന് കോണ്‍ഗ്രസിനെഴുതിയ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫിലും മിഡില്‍ ഈസ്റ്റില്‍ മുഴുവനായും ഇറാന്‍ തുടരാനിടയുള്ള സാഹസത്തെ ചെറുക്കാനും പിന്തിരിപ്പിക്കാനും കഴിയും വേഗം ആയുധങ്ങള്‍ കൈമാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സൈനികര്‍ക്കും താല്‍പര്യങ്ങള്‍ക്കുമെതിരെ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക മിഡില്‍ ഈസ്റ്റില്‍ യുദ്ധസന്നാഹം വര്‍ധിപ്പിച്ചിരുന്നു. അമേരിക്കയുടെ ഉപരോധമുണ്ടായിട്ടും ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കിയതിനു ശേഷമാണ് യു.എസ്-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചത്.
അതിനിടെ, യു.എ.ഇ തീരത്ത് നാല് എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതും സൗദി അറേബ്യയിലെ രണ്ട് എണ്ണ പമ്പിംഗ് സ്റ്റേഷനുകള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചതും സംഘര്‍ഷം രൂക്ഷമാക്കി. ഈ ആക്രമണങ്ങള്‍ ഇറാന്‍ പിന്തുണയോടെയാണ് യെമനിലെ ഹൂത്തി സായുധ പോരാളികള്‍ നടത്തിയതെന്നാണ് ആരോപണം. ഇറാന്‍ നിഷേധിച്ചുവെങ്കിലും ഇറാന് നേരിട്ട് ബന്ധമുണ്ടെന്ന് യു.എസ് ജോയിന്റ് സ്റ്റാഫ് മേധാവി റിയര്‍ അഡ്മിറല്‍ മൈക്കിള്‍ ഗ്ലിഡേ പറയുന്നു.