ന്യൂദല്‍ഹി- കനത്ത തെരഞ്ഞെടുപ്പു തകര്‍ച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പദവിയില്‍ രാജിവെക്കുന്നതായി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ഒറ്റക്കെട്ടായി ഇതു തള്ളി. വെല്ലുവിളികള്‍ നേരിടുമ്പോഴും രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്നാണ് ഏകാഭിപ്രായമെന്ന് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. തെരെഞ്ഞെടുപ്പു പരാജയം വിശദമായ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന് വര്‍ക്കിങ് കമ്മിറ്റി യോഗം നാലു മണിക്കൂര്‍ നീണ്ടു. പാര്‍ട്ടിയെ പൂര്‍ണമായും പരിഷ്‌ക്കരിക്കാന്‍ ഉന്നതാധികാര സമിതി രാഹുലിനെ അധികാരപ്പെടുത്തുകയും ചെയ്തു.
രാഹുലും മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി നേതൃനിരയിലെത്തിയ ജനറല്‍ സെക്രട്ടറി പ്രിയങ്കയും രാജ്യത്തുടനീളം പ്രചാരണം നടത്തിയെങ്കിലും തെരഞ്ഞെടുപ്പിലെ അന്തിമ ഫലം വലിയ ദുരന്തമായിരുന്നു. എക്കാലത്തേയും കുറഞ്ഞ സീറ്റെന്ന 2014ലെ നാണക്കേടില്‍ നിന്ന് പൂര്‍ണമായും കരകയറാന്‍ കഴിയാത്ത കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് വെറും 52 സീറ്റുകള്‍ മാത്രമാണ്. രാഹുലിന്റെ പ്രചരണ തന്ത്രങ്ങളൊന്നും വോട്ടായി മാറിയില്ല. കുടുംബത്തിന്റെ തട്ടകവും സ്വന്തം മണ്ഡലവുമായി അമേഠിയില്‍ ബിജെപിയോട് കനത്ത പരാജയം ഏറ്റുവാങ്ങിയതും രാഹുലിന് വലിയ നാണക്കേടായി.
18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കോണ്‍ഗ്രസിന് ഒരു സീറ്റു പോലും നേടാനായില്ല. മാസങ്ങള്‍ക്കു മുമ്പ് ഭരണം തിരിച്ചു പിടിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി വെറും മൂന്ന് സീറ്റു മാത്രമാണ് നേടാനായത്. ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം ഇത്തവണയും പ്രതിപക്ഷ നേതാവ് പദവി ലഭിക്കാന്‍ പോലും അര്‍ഹതയില്ലാത്തവിധം താഴെയാണ്.