മണ്ഡി- ഹിമാചല്‍ പ്രദേശില്‍ വയറു വേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്ത് ഒരു കൂട്ടം വീട്ടുപകരണങ്ങള്‍. 35കാരനായ കരണ്‍ സെനിന്റെ വയറ്റില്‍ നിന്നാണ് എട്ട് സ്പൂണുകള്‍, രണ്ട് സ്‌ക്രൂഡ്രൈവര്‍, രണ്ട് ടൂത്ത് ബ്രഷ്, ഒരു അടക്കളക്കത്തി, ഒരു വാതില്‍പ്പൂട്ട് എന്നിവ പുറത്തെടുത്തത്. മാനസിക നില തെറ്റിയ യുവാവ് രണ്ടു ദിവസം മുമ്പാണ് സുന്ദര്‍നഗറിലെ ക്ലിനിക്കില്‍ ചികിത്സ തേടിയെടത്തിയത്. പ്രാഥമിക പരിശോധനയ്ക്കു ശേഷം ഇവിടെ നിന്നും ലാല്‍ ബഹദൂര്‍ ശാസ്ത്രി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. എക്‌സ് റെ പരിശോധനയിലാണ് വയറ്റിനകത്തെ ഉപകരണങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന സംഘം നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇവ പുറത്തെടുത്തത്. അപകടനില തരണം ചെയ്ത യുവാവ് ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.